Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019ൽ കോൺഗ്രസ് തന്നെ; വിശാല സഖ്യമില്ലെങ്കിലും ജയിക്കും: ദിഗ്‌വിജയ് സിങ്

Digvijay Singh

ന്യൂഡൽഹി∙ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ്. നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചെന്നും വിശാല സഖ്യമില്ലെങ്കിലും കോൺഗ്രസ് ജയിക്കുമെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദിഗ്‌വിജയ് സിങ് പറഞ്ഞു.

സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിങ് നിശിതമായി വിമർശിച്ചു. ‘സംഘപരിവാറിനു ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ജനസംഖ്യയുടെ 95 ശതമാനവും ഹിന്ദുമതവിശ്വാസികളാണ്. അവരിൽ എത്ര പേരുണ്ട് ആർഎസ്എസ് അംഗത്വമുള്ളവർ? റജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു സംഘടനയെപ്പറ്റി എന്തിന് ആശങ്കപ്പെടണം’, ദിഗ്‌വിജയ് സിങ് ചോദിക്കുന്നു.

താനൊരു ഹിന്ദുവാണെന്നും എന്നാൽ തന്റെ മതം ക്യാംപെയ്‌നുകൾക്കു വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ എന്ന വാക്ക് ആദ്യമുപയോഗിച്ചതു സവർക്കർ ആണ്. ഹിന്ദുമതവുമായി ആ വാക്കിനു ബന്ധമൊന്നുമില്ല. എന്നെ സംബന്ധിച്ചു മതം വ്യക്തിപരമായ ഒരു കാര്യമാണ്. ഒരു ഹിന്ദുവെന്ന നിലവിൽ ഹിന്ദു ഭീകരത എന്ന വാക്ക് എനിക്കുപയോഗിക്കാൻ കഴിയുമോ? ഒരു മതത്തിനും ഭീകരവാദത്തെ പിന്തുണക്കാൻ കഴിയില്ല.’

സിമി, ബജ്‌‌റംഗ്ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ ആദ്യം ആവശ്യപ്പെട്ട മുഖ്യമന്ത്രി താനായിരുന്നെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ക്ഷേത്ര സന്ദർശനം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

‘നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചു. മോദിയെ മോദിയാക്കിയ അഡ്വാനിയെയും തൊഗാഡിയയെയും അദ്ദേഹം വകവയ്ക്കുന്നില്ല'', അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യത്തെക്കുറിച്ചു പ്രതികരണം ഇങ്ങനെ: ‘ഗാന്ധിയും നെഹ്റുവും മുന്നോട്ടുവച്ച ആശയങ്ങൾ പിന്തുടരുന്നവർ ഒരുവശത്ത്, മറുവശത്ത് ഗോഡ്സെ അനുകൂലികൾ. വ്യക്തികൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. 2004ൽ ഇത്തരം സഖ്യങ്ങളൊന്നുമില്ലാതെയാണു കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്നു ജയിക്കാമെങ്കിൽ ഇന്നും ജയിക്കാം''