Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജി., മെഡി.: ആദ്യ അലോട്മെന്റ് 30ന്, ഫീസ് ഒന്നുമുതൽ

medical-admission Representational Image

തിരുവനന്തപുരം ∙ എൻജിനീയറിങ്, മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലേക്കു 30നു രാത്രി എട്ടു മണിയോടെ നടക്കുന്ന ആദ്യ അലോട്മെന്റിൽ പ്രവേശനം ലഭിക്കുന്നവർ ജൂലൈ ഒന്നു മുതൽ അഞ്ചിനു മൂന്നു മണി വരെ പോസ്റ്റ് ഓഫിസ് വഴിയോ ഓൺലൈൻ ആയോ ഫീസ് അടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവരുടെ അലോട്മെന്റും ഹയർ ഓപ്ഷനും റദ്ദാകും. ഇതു പിന്നീടുള്ള ഘട്ടങ്ങളിലും പരിഗണിക്കില്ല. ആദ്യ അലോട്മെന്റിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ ജൂലൈ ആറു മുതൽ 12ന് അഞ്ചു മണി വരെ കോളജിൽ ചേരണം. എന്നാൽ മറ്റു കോഴ്സുകളിൽ ആദ്യ അലോട്മെന്റ് ലഭിക്കുന്നവർ ഈ ഘട്ടത്തിൽ പ്രവേശനം നേടേണ്ടതില്ല. 

ഇന്നലെ വൈകുന്നേരത്തോടെ ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയപ്പോൾ രാത്രി 10.45 ആയി. അതിനു ശേഷമാണു വെബ്സൈറ്റ് സജ്ജമായത്. പ്രവേശന നടപടികൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാൻ വൈകിയതാണ് ഓപ്ഷൻ നടപടികളും വൈകാൻ കാരണം. ഓപ്ഷൻ റജിസ്ട്രേഷൻ 29നു രാവിലെ 10 വരെ തുടരും. ഇതിനിടെ 27നു ട്രയൽ അലോട്മെന്റ് നടത്തും. രണ്ടാം ഘട്ട അലോട്മെന്റിന്റെ സമയക്രമം പിന്നീട് വിജ്ഞാപനം ചെയ്യും. 

സാമുദായിക സംവരണം, പ്രത്യേക സംവരണം, ഭിന്നശേഷി സംവരണം എന്നിവയ്ക്ക് അർഹരായവരുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആദ്യ ഘട്ട അലോട്മെന്റ് ഇവിടെ

സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകൾ, സർക്കാർ/സ്വാശ്രയ മെഡിക്കൽ കോളജുകൾ, സർക്കാർ/ സ്വാശ്രയ ഡെന്റൽ കോളജുകൾ, കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവയ്ക്കു കീഴിലുള്ള എൻജിനീയറിങ് കോളജുകൾ, മറ്റു സർവകലാശാലകളുടെ കീഴിലുള്ള എൻജിനീയറിങ് കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകൾ, കാത്തലിക് മാനേജ്മെന്റിന്റെ എൻജിനീയറിങ് കോളജുകൾ, സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കോളജുകൾ, ആർക്കിടെക്ചർ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനു കീഴിലുള്ള സ്വാശ്രയ കോളജുകൾ, ഗവ.ഫാർമസി കോളജുകൾ, സർക്കാർ/എയ്ഡഡ് ആയുർവേദ മെഡിക്കൽ കോളജുകൾ, കാർഷിക സർവകലാശാലയ്ക്കും വെറ്ററിനറി സർവകലാശാലയ്ക്കും ഫിഷറീസ് സർവകലാശാലയ്ക്കും കീഴിലുള്ള കോളജുകൾ.

വാർഷിക ഫീസ് ഇങ്ങനെ

∙ സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകൾ 8225 രൂപ

∙ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജിലെ സർക്കാർ സീറ്റ്: 35,000 രൂപ, മാനേജ്മെന്റ് 65,000 രൂപ.

∙ കേരള സർവകലാശാലയുടെ എൻജിനീയറിങ് കോളജിലും ഇതു തന്നെയാണു ഫീസ്. കാലിക്കറ്റ് സർവകലാശാലയുടെ എൻജിനീയറിങ് കോളജിലെ മുഴുവൻ സീറ്റിലും 35,000 രൂപ. 

∙ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കോളജുകളിൽ 50 % സർക്കാർ സീറ്റിൽ രണ്ടു തരം ഫീസ്. 25 % താഴ്ന്ന വരുമാനക്കാർക്ക് 50,000 രൂപ, ശേഷിക്കുന്ന 25 % പേർക്ക് 75,000 രൂപ.

∙ കാത്തലിക് എൻജിനീയറിങ് കോളജുകളിൽ 50 % സർക്കാർ സീറ്റിൽ 75,000 രൂപ ഫീസും ഒരു ലക്ഷം തിരികെ ലഭിക്കുന്ന ഡിപ്പോസിറ്റും. 

∙ സർക്കാർ/എയ്ഡഡ് ആർക്കിടെക്ചർ കോളജുകളിലും 8225 രൂപ.

∙ സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിൽ 25% താഴ്ന്ന വരുമാനക്കാർക്ക് 55,000 രൂപയും 25 % മറ്റുള്ളവർക്ക് 80,000 രൂപയും. 

∙ സർക്കാർ മെഡിക്കൽ കോളജിൽ 25,000 രൂപ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 % സീറ്റിൽ വ്യത്യസ്ത ഫീസ് ആണ്. 5,32,000 – 6,53,860 രൂപ.15 % എൻആർഐ സീറ്റിൽ 20 ലക്ഷം. പരിയാരം മെഡിക്കൽ കോളജിലും ഉയർന്ന ഫീസാണ്. 

∙ ഗവ.ഡെന്റൽ കോളജിലെ ഫീസ് 23,000 രൂപ. സ്വാശ്രയ ഡെന്റൽ കോളജുകളിൽ 85 % സീറ്റിൽ 3,04,500 രൂപ. എൻആർഐ സീറ്റിൽ ആറു ലക്ഷം. പരിയാരം ഡെന്റൽ കോളജിൽ 85 ശതമാനത്തിൽ 2.5 ലക്ഷം. എൻആർഐ സീറ്റിൽ 5.5 ലക്ഷം.