Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി ആദ്യം കാണുന്നത് അമ്മവീടിന്റെ വരാന്തയിൽ!: ജസ്റ്റിസ് ചെലമേശ്വർ

Author Details
Justice Chelameswar ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

എൻ.ടി.രാമറാവു മാത്രമല്ല, രജനികാന്തുമുണ്ട്. എന്നിട്ടും, ഈ കഥയിലെ നായകൻ മറ്റൊരാളാണ്. കാരണം, ഇതു സിനിമാക്കഥയല്ല. ഒരുഭാഗം, സിനിമയിൽപോലും സംഭവിക്കാത്തതുമാണ്. 

അതാണ് കഴിഞ്ഞ ജനുവരി 12നു സംഭവിച്ചത്. സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ ഒരുമിച്ചിരുന്ന് രാജ്യത്തോടായി പറഞ്ഞു: ‘ചീഫ് ജസ്റ്റിസ് പിഴവുകൾ കാട്ടുന്നു, ജുഡീഷ്യറി അപകടത്തിലാണ്, ജനാധിപത്യം അപകടത്തിലാണ്, രാജ്യം അപകടത്തിലാണ്.’ അതു പറയുന്നതു തന്റെ വീട്ടിൽവച്ചുതന്നെയാവാം എന്നു നായകനാണു തീരുമാനിച്ചത്. ഡൽഹിയിൽ തുഗ്ലക് റോഡിലെ നാലാം നമ്പർ വീട്. 

ഇക്കഴി​ഞ്ഞ വെള്ളിയാഴ്ച, സുപ്രീംകോടതിയിൽനിന്നു വിരമിക്കുന്ന ദിവസം, അതിരാവിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വർ ആ വീട്ടിൽനിന്നിറങ്ങി. സ്വന്തം ഗ്രാമത്തിലേക്ക്. ആന്ധ്രപ്രദേശിൽ കൃഷ്ണ ജില്ലയിലെ പെദ്ദുമുത്തേവിയിലേക്ക്. അവിടെ, ക്യൂബൻ വിപ്ലവത്തിന്റെ വർഷത്തിൽ, 1953ൽ, ജസ്തി കുടുംബത്തിൽ ജനിച്ച ചെലമേശ്വർ തിരികെച്ചെല്ലുന്നത് വിളിച്ചുപറഞ്ഞുള്ള വിപ്ലവത്തിന്റെ നായകനെന്ന വിശേഷണവുമായാണ്. 

നഗരങ്ങളോടും അവയുടെ പ്രലോഭനങ്ങളോടും അകലത്തിലായിരിക്കണമെന്നത് ചെലമേശ്വറിന്റെ നിശ്ചയമാണ്. മഴദിവസമെങ്കിൽ അവധി. നനയുന്ന സ്കൂളും മുത്തച്ഛന്റെ കൈകളിലെ തൂമ്പാത്തഴമ്പുമൊക്കെ പകർന്നുകൊടുത്ത ബലമാണത്. 

ഗുരു സി.സി.ഒൗസേപ്പ് ശാസിച്ചു, പിതാവ് ലക്ഷ്മിനാരായണ പിണങ്ങി

മച്ചലിപട്ടണത്തെ ഹിന്ദു ഹൈസ്കൂളിൽ പഠിക്കുന്നവർക്ക് തെലുങ്കു സാഹിത്യം ഹരമാകും. തെലുങ്കിൽനിന്ന് ആദ്യം ജ്ഞാനപീഠം നേടിയ വിശ്വനാഥ് സത്യനാരായണയുൾപ്പെടെ സാഹിത്യമെഴുതുന്ന പലരുടെയും പാഠശാല. അവിടെ ചെലമേശ്വറിനും തോന്നിയത് സാഹിത്യം പഠിക്കണമെന്നാണ്. 

‘‘മിടുക്കനെങ്കിൽ ‍ഡോക്ടറാകണമെന്നതാണ് നാട്ടുനടപ്പ്. ഞാൻ അത്ര മിടുക്കനല്ലായിരുന്നു. എങ്കിലും, 10000 രൂപ കൊടുത്താൽ കാക്കിനഡയിലെ കോളജിൽ‍ മെഡിസിനു ചേരാമായിരുന്നു. സിവിൽ സർവീസാണു നല്ലതെന്ന് ഉപദേശം കിട്ടി. അതാവുമ്പോൾ, കലക്ടറാകാം, ചീഫ് സെക്രട്ടറിയാകാം. അങ്ങനെയെങ്കിൽ മദ്രാസിൽ പോകണമെന്ന് അച്ഛൻ നിർദേശിച്ചു. അവിടെ, ലയോള കോളജിൽ ഇക്കണോമിക്സ് പഠിക്കാൻ.’’ 

ചെലമേശ്വറിന്റെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് ഡോ. സി.കെ.റാവു രാജ്യമറിയുന്ന ലെതർ ടെക്നോളജി വിദഗ്ധനായി അന്നു ചെന്നൈയിലുണ്ട്. ഇക്കണോമിക്സല്ല, ശാസ്ത്രമാണു പഠിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. അച്ഛനുമതു ശരിവച്ചു. ‘‘എങ്കിൽ, ഫിസിക്സ് മതിയെന്നു ഞാൻ തീരുമാനിച്ചു. 

കൂടെ കണക്കും കെമിസ്ട്രിയും. അവിടെയാണ് കേരളവും മലയാളികളുമായി എന്റെ ബന്ധം തുടങ്ങുന്നത്. ലയോളയിൽ ‍നിറയെ മലയാളികളായിരുന്നു, പഠിപ്പിക്കാനും പഠിക്കാനുമൊക്കെ. ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ തലവൻ പ്രഫ. സി.സി.ഒൗസേപ്പ്, അധ്യാപകരായി കെ.എം.ജോസഫും കുഞ്ഞുവറീതും. അവസാന പരീക്ഷയിൽ ഫിസിക്സിനും കെമിസ്ട്രിക്കും ഫസ്റ്റ് ക്ലാസ്. കണക്കിനു സെക്കൻഡും. സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ പ്രഫ. ഒൗസേപ്പ് കണ്ണുരുട്ടി. കണക്കിന്റെ മാർക്കാണ് പ്രശ്നം. വാക്കുകൾക്കൊണ്ട് അദ്ദേഹം എനിക്കൊരു സർട്ടിഫിക്കറ്റ് തന്നു: “You brought disgrace to my department. I will never allow another Andhra fellow to my department.” 

ഫിസിക്സ് പഠനം തുടരണമെന്ന് അച്ഛനും സാഹിത്യം മതിയെന്ന് മകനും. അച്ഛനെ സംപ്രീതനാക്കാൻ എംഎസ്‌സിക്കു ചേർന്നശേഷം ഒന്നാം വർഷംതന്നെ അവസാനിപ്പിച്ചു. ‘‘സാഹിത്യം സമ്മതമല്ലെങ്കിൽ നിയമം പഠിക്കാമെന്നു ഞാൻ പറഞ്ഞു. പിന്നെ, ഒരു വർഷത്തോളം അച്ഛൻ എന്നോടു മിണ്ടിയിട്ടില്ല. അച്ഛനും നിയമം പഠിച്ചതാണ്. കുറച്ചു പ്രാക്ടീസ് ചെയ്തു. അതിനേക്കാൾ നല്ലതു വീട്ടിലെ കൃഷിയാണെന്നു തിരിച്ചറിഞ്ഞു. മുത്തച്ഛൻ വെങ്കട്ടരാമയ്യയുടെ വക 60–70 ഏക്കർ ഭൂമിയുണ്ടായിരുന്നു. അപ്പോ‍ഴാണ് നിയമം പഠിക്കാമെന്നു ഞാൻ പറയുന്നത്.’’ ആന്ധ്ര സർവകലാശാലയിൽ നിയമം പഠിക്കുന്ന ഏക മകനോട് ഏറെനാൾ മിണ്ടാതിരിക്കാൻ‍ അച്ഛനു കഴിഞ്ഞില്ല. 

പിന്നെ, പ്രഫ. ഒൗസേപ്പ് നൽകിയ സർട്ടിഫിക്കറ്റിനുള്ള മറുപടിയുമായി ചെലമേശ്വർ കുറേ വർഷങ്ങൾക്കുശേഷം ലയോളയിൽ ചെന്നു. ജസ്റ്റിസ് ചെലമേശ്വറെന്ന മുഖ്യാതിഥിയായി. 

justice-chelameswar1 ജസ്റ്റിസ് ചെലമേശ്വർ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

അഴിമതി ആദ്യം കാണുന്നത് അമ്മവീടിന്റെ വരാന്തയിൽ  ! 

ചെലമേശ്വറിന്റെ ജീവിതത്തിലെ ആദ്യ ഇതിഹാസം അമ്മയുടെ അച്ഛനാണ്. വൈ.നാഗഭൂഷണം. സീതാറാം യച്ചൂരിയുടെ മുത്തച്ഛൻ ജസ്റ്റിസ് ഭീം ശങ്കറിന്റെയും ജസ്റ്റിസ് സുബ്ബറാവുവിന്റെയുമൊക്കെ സഹപാഠി. അഭിഭാഷകനായി പേരെടുത്തു. മച്ചലിപട്ടണത്തെ പബ്ലിക് പ്രോസിക്യൂട്ടറായി. 

‘‘മുത്തച്ഛനെ കാണാൻ‍ എന്നും വീട്ടിൽ കക്ഷികളുടെ തിരക്കാണ്. അൻപതും അറുപതും പേർ. പലരും വൈകുന്നേരം വരാന്തയിൽ കിടന്നുറങ്ങും. അവർക്കു തലയണ വാടകയ്ക്കു നൽകുന്ന ഒരു വീട്ടുജോലിക്കാരനുണ്ട്. കക്ഷികളിൽ ചിലർ സെക്കൻഡ് ഷോ കണ്ടിട്ട് ഉറങ്ങാൻ വരും. ആദ്യം ഉറങ്ങിയവരുടെ തലയിണ അവരറിയാതെ വലിച്ചെടുത്ത് സെക്കൻഡ് ഷോക്കാർക്കു നൽകും. അപ്പോൾ, ഒരേ തലയണകൊണ്ടു രണ്ടു വരുമാനം. സംഗതി അഴിമതിതന്നെ.’’ നാഗഭൂഷണം രണ്ടാം ലോക്സഭയിലേക്ക് മച്ചലിപട്ടണത്തുനിന്ന് സ്വതന്ത്രനായി മൽസരിച്ചെങ്കിലും വിജയിച്ചില്ല. 

Justice-Chelameswar

പത്തികളില്ലാത്ത കൈകളിൽ പിടിച്ചു നിയമവഴിയിലേക്കുള്ള യാത്ര 

‘‘എന്റെ ഹീറോയാണ് ഡോ. ഭീമ രാജു. അദ്ദേഹത്തിന്റെ ജൂനിയറായാണ് ഞാൻ നിയമവൃത്തി തുടങ്ങുന്നത്. എന്നെ അദ്ദേഹം അദ്ഭുതപ്പെടുത്തി. എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിയെന്നതാണു കൂടുതൽ‍ ശരി. അദ്ദേഹത്തിനു രണ്ടു കൈപ്പത്തികളുമില്ലായിരുന്നു. ചെറുപ്പത്തിൽ വീട്ടിൽവച്ചു പടക്കമുണ്ടാക്കിയപ്പോൾ അപകടം സംഭവിച്ച് രണ്ടു കൈപ്പത്തികളും അറ്റുപോയതാണ്. രണ്ടു കൈകളുടെയും കുഴകൾ ചേർത്ത്, അവയ്ക്കിടയിൽ പേന പിടിച്ചാണ് എഴുതുക. എന്നിട്ടും സുന്ദരമായ കൈപ്പട. അങ്ങനെ എഴുതിയാണ് പരീക്ഷകൾ പാസായത്. പൊളിറ്റിക്കൽ‍ സയൻസിൽ പിഎച്ച്ഡിയും എടുത്തു.’’ ഡോ.ഭീമ രാജു അത്ര മികച്ച അഭിഭാഷകനല്ലായിരുന്നു. നിയമമല്ല, പതറാതെ പൊരുതി നേടുന്നതിന്റെ പാഠമാണ് ചെലമേശ്വർ അദ്ദേഹത്തിൽനിന്നു പഠിച്ചത്. 

തെലുങ്കുദേശം പാർട്ടിയിൽ അംഗമായിരുന്നു. പദവികൾ വഹിച്ചിട്ടില്ല. 

ടിഡിപിയുടെ സ്ഥാപകാംഗമെന്നോ സ്ഥാപകരിലൊരാളെന്നോ എഴുതുന്നതായിരുന്നു കൂടുതൽ ശരി. ‘‘എൻടിആർ എന്റെ ജീവിതത്തിലേക്കു വരുന്നത് 1982ലാണ്. ‍ഞങ്ങൾ അടുത്തടുത്ത ഗ്രാമക്കാരാണ്. അകന്നൊരു ബന്ധവുമുണ്ട്. ഒരുദിവസം വൈകുന്നേരം ഒരു ബന്ധുവാണ്, എൻടിആർ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി സ്റ്റുഡിയോയിലുണ്ടെന്നും വെറുതെയൊന്നു കാണാമെന്നും പറയുന്നത്.’’ 

ചെലമേശ്വറിനോട് എൻടിആർ: ‘‘യങ് മാൻ, എന്തൊക്കെയുണ്ട് വാർത്തകൾ?’’ 

ചെലമേശ്വർ:‘‘പാർട്ടിയൊക്കെ ഉണ്ടാക്കാൻ പോകുന്നുവെന്ന് പത്രത്തിൽ വായിച്ചു.’’ 

എൻടിആർ:‘‘എന്തു പറയുന്നു, പാർട്ടിയുണ്ടാക്കണോ?’’ 

മുപ്പതു വയസ്സു മൂപ്പുള്ളയാളെ ഉപദേശിക്കുകയെന്ന അവിവേകത്തിനു മുതിരാതെ നിൽക്കുകയാണ് യുവാവ്. 

വീണ്ടും, എൻടിആർ:‘‘താൻ എന്റെകൂടെ നിൽക്കുമോ?’’ 

തീർച്ചയായും എന്ന ഉത്തരം മുതലങ്ങോട്ട് ഇരുവരും ഒരുമിച്ചായിരുന്നു.‘‘1994ലെ തിരഞ്ഞെടുപ്പിലൊഴികെ, ഒരു തവണപോലും എൻടിആറിന്റെ രഥമായ വാൻ ‍ഞാനില്ലാതെ റോഡിലിറങ്ങിയിട്ടില്ല. ഒരു പടത്തിലും വരരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. പിന്നിലായിരിക്കണമെന്നും. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ എനിക്കു താൽപര്യമില്ലായിരുന്നു.’’ 

N.T. Ramarao

ഉപദേശകന്റെ വേഷം സ്വയമണിഞ്ഞ ചെലമേശ്വർ എൻടിആറിനു കൊടുത്ത പ്രധാനപ്പെട്ടൊരു ഉപദേശമുണ്ട്. അതേക്കുറിച്ചു ചോദിച്ചാൽ ചെലമേശ്വർ പറയും:‘‘ഇല്ല, ഞാനാണങ്ങനെ ഉപദേശിച്ചത് എന്നതിനു െതളിവില്ല. എന്നാൽ, അതു ചെയ്തതു ഞാനായിരുന്നു. 1989ൽ, ബൊഫോഴ്സ് തോക്കിടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ടിനെച്ചൊല്ലിയുള്ള വിവാദമാണ്. രാജീവ് ഗാന്ധി ഒന്നിനും വഴങ്ങാത്ത ഭരണവുമായി മുന്നോട്ടുപോകുകയാണ്. അദ്ദേഹത്തെ വരുതിക്കു നിർ‍ത്താൻ എന്താണു വഴിയെന്നായിരുന്നു എൻടിആറിന്റെ ചോദ്യം. പ്രതിപക്ഷ എംപിമാരെല്ലാം രാജിവയ്ക്കുകയെന്നു ഞാൻ പറഞ്ഞു.’’ 

‘‘എൻടിആറിനൊരു ഗുണമുണ്ട്. റിസ്ക് എടുക്കാൻ തയാറാണ്. കേട്ടപാടെ അദ്ദേഹം പറഞ്ഞു: നല്ല കാര്യം. ഉടനെ വി.പി.സിങ്ങിനെയും ജ്യോതി ബസുവിനെയും വിളിച്ചു. അവർ സമ്മതിച്ചില്ല. ചന്ദ്രബാബു നായിഡുവും പി.ഉപേന്ദ്രയും എൻടിആറിനെ കാണാനെത്തി. എന്നെ അവിടെ കണ്ടപ്പോൾ അവർക്കു മനസ്സിലായി, ആശയം ആരുടേതാണെന്ന്. തനിച്ചു കിട്ടിയാൽ അവരെന്നെ കൊല്ലാൻ മടിക്കില്ലായിരുന്നു. ആരും രാജിവയ്ക്കാൻ തയാറാവില്ലെന്നും എൻടിആർ പരിഹസിക്കപ്പെടുമെന്നും ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചു.’’ 

എൻടിആർ നിലപാടു മാറ്റിയില്ല. എംപിമാർ രാജിവച്ചു. 

ജനപ്രാതിനിധ്യ നിയമം ചെലമേശ്വർ തലനാരിഴ കീറി പഠിക്കുന്നത് 1983ലാണ്. എൻടിആറിന്റെ തിരഞ്ഞെടുപ്പു കേസ് വന്നപ്പോൾ. ‘‘കേസ് ഞാൻ കൈകാര്യം ചെയ്താൽ മതിയെന്ന് അദ്ദേഹമാണു നിർദേശിച്ചത്. വിഷയത്തിൽ എനിക്കത്ര പരിചയംപോരെന്നു ഞാൻ പറഞ്ഞപ്പോൾ ആവശ്യം വന്നാൽ‍ സീനിയറിനെ വയ്ക്കാമെന്നു മറുപടി. 1950 മുതൽ അന്നുവരെ തിരഞ്ഞെടുപ്പു വിഷയത്തിൽ സുപ്രീംകോടതി നൽകിയ എല്ലാ വിധിയും ഞാൻ പഠിച്ചു.’’ 

മുഖ്യമന്ത്രിയുടെ അഭിഭാഷകൻ എന്ന പേരിലാണ് ചെലമേശ്വർ ശ്രദ്ധേയനാവുന്നത്. 1994ൽ രണ്ടു കാര്യങ്ങൾ സംഭവിച്ചു. എൻടിആറിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി പാർവതി പടികയറിവന്നു; ചെലമേശ്വർ പടിയിറങ്ങി. പിറ്റേവർഷം ഓഗസ്റ്റിൽ ഹൈദരബാദിൽ ചന്ദ്രബാബു നായിഡുവിന്റെ വക കൊട്ടാരവിപ്ലവം. സെപ്റ്റംബറിൽ നായിഡു അധികാരത്തിൽ‍. എ‍ൻടിആർ കുടുംബത്തിന്റെ താൽപര്യത്തിലാണ് ചെലമേശ്വർ ആന്ധ്രയുടെ അഡീഷനൽ അഡ്വക്കറ്റ് ജനറലാവുന്നത്. 

മലയാളിയുടെ ഇംഗ്ളിഷ് മനസ്സിലാകാത്ത ജഡ്ജി 

ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.എച്ച്.മിശ്രയാണ് ചെലമേശ്വറിനെ ബെഞ്ചിലേക്കു ക്ഷണിക്കുന്നത്. ജഡ്ജിയായി സ്ഥാനമേറ്റ ദിവസംതന്നെ ജസ്റ്റിസ് ചെലമേശ്വറിനെതിരായ ഹർജിയും ഹൈക്കോടതി പരിഗണിച്ചു. അഭിഭാഷകരായ വാസന്തി മേനോനും തുളസിദാസും നൽകിയ ഹർജിയിലെ പ്രധാന ആരോപണങ്ങൾ ഇവയായിരുന്നു: ചെലമേശ്വറിനു നിയമ പരിജ്ഞാനമില്ല; രാഷ്ട്രീയക്കാരനാണ്. ചെലമേശ്വർ ഉൾപ്പെടാത്ത ബെഞ്ച് ഹർജി തള്ളി. 

ഗുവാഹത്തിയിൽ ചീഫ് ജസ്റ്റിസായിരിക്കെയാണ് കേരള ഹൈക്കോടതിയിലേക്ക് ചെലമേശ്വറിന്റെ നിയമനം, 2010ൽ. ‘‘കേരളത്തിൽ എന്റെ പ്രധാനപ്രശ്നം അഭിഭാഷകരിൽ പലരുടെയും ഇംഗ്ളിഷ് ഉച്ചാരണം പിടിതരുന്നില്ലെന്നതായിരുന്നു. എനിക്കൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബാലകൃഷ്ണൻ നായരോടു ഞാൻ സങ്കടം പറഞ്ഞു. അദ്ദേഹമത് കോടതിയിൽ പരസ്യമായി പറഞ്ഞു, ചീഫിന് ചിലരുടെ ഇംഗ്ളിഷ് മനസ്സിലാവുന്നില്ല.’’ 

2011ൽ സുപ്രീംകോടതിയിൽ എട്ടു ജഡ്ജിമാരുടെ ഒഴിവുണ്ടായിരിക്കുകയും അതു പല ഘട്ടങ്ങളായി മാത്രം നികത്തപ്പെടുകയുമായിരുന്നു. മൂന്നാംഘട്ടത്തിൽ, സെപ്റ്റംബറിൽ മാത്രമാണ് ചെലമേശ്വർ പരിഗണിക്കപ്പെടുന്നത്. ഓഗസ്റ്റിൽ, രണ്ടാം ഘട്ടത്തിലെങ്കിൽ, ചെലമേശ്വർ ചീഫ് ജസ്റ്റിസാകുമായിരുന്നു. മൂന്നാംഘട്ടത്തിൽ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു താഴെ മതി ചെലമേശ്വറിന്റെ പേരെന്ന തീരുമാനവും അക്കാലത്തു ചർച്ച ചെയ്യപ്പെട്ട വാർത്തയാണ്. 

അതിന്റെ വിശദാംശങ്ങൾ പറയാൻ ചെലമേശ്വർ താൽപര്യപ്പെട്ടില്ല. ആകെ ഇത്രമാത്രം:‘‘എന്താണു സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഓഗസ്റ്റിൽ എനിക്കില്ലാതിരുന്ന എന്തു യോഗ്യത സെപ്റ്റംബറിലുണ്ടായി?.’’ ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ തീരുമാനങ്ങൾ പരസ്യപ്പെടുത്തണമെന്നും അംഗങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞാൽ പോരാ, എഴുതിനൽകണമെന്നുമാണ് കഴിഞ്ഞ വർഷങ്ങളിൽ ചെലമേശ്വർ വാദിച്ചത്. കൊളീജിയത്തിന്റെ പൊതുതീരുമാനങ്ങളും അവയുടെ കാരണങ്ങളും പരസ്യപ്പെടുത്തുകയെന്ന രീതി ഇപ്പോഴുണ്ട്. 

Justice Chelameswar

ഉറക്കമില്ലാത്ത എട്ടാഴ്ചകൾ 

ഇരുന്നൂറിലേറെ വിധിന്യായങ്ങൾ‍ സുപ്രീംകോടതിയിൽ ചെലമേശ്വറിന്റേതായുണ്ട്. സംതൃപ്തി നൽകിയ വിധിയെക്കുറിച്ചു ചോദിച്ചാൽ എടുത്തു പറയുക ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) സംബന്ധിച്ച വിധിയാണ്. ഭരണഘടനാ ബെഞ്ചിലെ മറ്റുള്ളവരെല്ലാം എൻജെഎസിക്കായുള്ള ഭരണഘടനാ ഭേദഗതി തെറ്റെന്നു വിധിച്ചു. ശരിയെന്നു ചെലമേശ്വറും. ‘‘എല്ലാവരും ജഡ്ജിമാർ കോടതിയിലുണ്ടായിരിക്കുന്ന സമയം മാത്രമാണു കണക്കിലെടുക്കുന്നത്. അല്ലാത്തപ്പോഴൊക്കെയും അവധിയിലാണെന്നും.’’ തുടർന്നങ്ങോട്ട് ചെലമേശ്വർ ഓർക്കുന്നത് എൻജെഎസി വിധി തയാറാക്കാൻ ഉറക്കം കളഞ്ഞ എട്ടാഴ്ചകളുടെ കാര്യമാണ്. ‘‘ഉറക്കത്തിനിടെ ഇടയ്ക്കു ഞാൻ ‍െഞട്ടിയുണർ‍ന്ന്, പുതുതായി തോന്നിയ പോയിന്റ് കുറിച്ചുവയ്ക്കാൻ ഓഫിസ് മുറിയിലേക്കു പോയ ദിവസങ്ങളുണ്ട്. ഭാര്യയെന്നോടു ചോദിച്ചു: നിങ്ങൾക്കിതെന്തു പറ്റി? 

‘‘എൻജെഎസി വിധിയുടെ പേരിൽ എന്നെ പലരും ബിജെപിക്കു പ്രിയങ്കരനെന്നു വിളിച്ചു. സർക്കാരിന്റെ നടപടികളെ വിമർശിച്ചപ്പോൾ മോദി വിരുദ്ധനായി, ദേശവിരുദ്ധനായി, കമ്യൂണിസ്റ്റായി, പാക്കിസ്ഥാൻ ഏജന്റായി. നമ്മുടെ പൊതുചർച്ചകൾ എത്തിനിൽക്കുന്നതെവിടെ – അതാണ് ഇതിലൂടെ മനസ്സിലാവുന്നത്. കേൾക്കാൻ ഇഷ്ടമില്ലാത്തതു പറയുന്നവൻ ശത്രു.’’ 

Justice Jasti Chelameswar

സന്യാസിയും സ്റ്റൈൽ മന്നനും 

ജഡ്ജിയായശേഷവും ചെലമേശ്വർ രാഷ്ട്രീയ താൽ‍പര്യങ്ങൾ സൂക്ഷിക്കണമെന്ന് ആഗ്രഹിച്ച ചില നേതാക്കളുണ്ട്. അവിടെയാണ് ജസ്റ്റിസ് എം.എൻ.വെങ്കടചെല്ലയ്യ, ചെലമേശ്വറിനു നൽകിയ വിശേഷണത്തിന്റെ പ്രസക്തി:‘ കോടതിമുറിയിലെ സന്യാസി.’ മുന്നിലുള്ള വിഷയത്തെ നിർമനും നിരാസക്തനുമായി സമീപിക്കാനുള്ള ചെലമേശ്വറിന്റെ കഴിവിനെയാണ് ജസ്റ്റിസ് വെങ്കടചെല്ലയ്യ പ്രകീർത്തിച്ചത്. അതേക്കുറിച്ചു ചോദിക്കുമ്പോൾ, നല്ല വാക്കുകൾക്കു നന്ദിയെന്ന ആമുഖത്തോടെ ചെലമേശ്വർ പറഞ്ഞു: ‘‘ജഡ്ജിക്കു രാഷ്ട്രീയക്കാരുമായി ബന്ധം പാടില്ലെന്നു പറയുന്നതു പൊങ്ങച്ചമാണ്. രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടാവുകയെന്നത് നിയമവൃത്തിയിൽ സ്വാഭാവികമാണ്. ജനാധിപത്യം പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിലൂടെയും രാഷ്ട്രീയക്കാരിലൂടെയുമാണ്, ജുഡീഷ്യറിയിലൂടെയല്ല. രാഷ്ട്രീയക്കാർക്കു ജനങ്ങളുമായി നന്നായി സംവദിക്കാനറിയാം. അവർ എത്ര നന്നായി അതു ചെയ്യുന്നു, അവരുടെ ബോധ്യങ്ങളും ധാർമിക മൂല്യങ്ങളുമെന്ത് – അത് വ്യക്തികളെ ആശ്രയിച്ചിരിക്കും. 

‘‘രാഷ്ട്രീയക്കാർക്കും ജഡ്ജിമാർക്കും വ്യക്തമായി നിർവചിക്കപ്പെട്ട പരിധികളുണ്ട്. അവയ്ക്കുള്ളിൽനിന്നു പ്രവർത്തിക്കുന്നുവോ എന്നതാണ് പ്രസക്തം. 

രാഷ്ട്രീയക്കാരുമായി വേദി പങ്കിടില്ലെന്നു പറയുകയും രാത്രിയിൽ രഹസ്യമായി അവരെ സന്ദർശിക്കുകയും ചെയ്യുന്നവരുണ്ട്. രാഷ്ട്രീയക്കാരുമായി വേദി പങ്കിട്ടാൽ ചാരിത്രം നഷ്ടപ്പെടുമെങ്കിൽ അതു ചാരിത്രമല്ല. വ്യക്തിബന്ധങ്ങളും ഒൗദ്യോഗിക ഉത്തരവാദിത്തങ്ങളും തമ്മിൽ വേർതിരിക്കുന്ന വര കൃത്യമായി വരയ്ക്കാനുള്ള കഴിവ്. അതാണ് നല്ല ജഡ്ജിക്കുള്ള ശരിയായ പരീക്ഷ. വര എവിടെ വരയ്ക്കണമെന്ന് എനിക്കു നന്നായി അറിയാം.’’ 

രാഷ്ട്രീയത്തിരയിലേക്കു മാറാൻ ആലോചിച്ചപ്പോൾ‍ രജനികാന്ത്, ചെലമേശ്വറിന്റെ ഉപദേശം തേടി. ജഡ്ജിയോടല്ല, പ്രിയ സുഹൃത്തിനോട്. അത് ചെലമേശ്വർ, എൻടിആറിന്റെ സ്വന്തമായിരുന്ന കാലത്തു തുടങ്ങിയ ബന്ധമാണ്. ചെലമേശ്വർ പറഞ്ഞു: ‘‘തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്. എടുത്തു ചാടണമോ വേണ്ടയോ. ചാടിയാൽ വീഴ്ചയാണെങ്കിൽ പൊട്ടുന്നത് എന്റെയല്ല, നിങ്ങളുടെ മുട്ടാണ്.’’ രജനിയുടെ മറുപടിച്ചിരി പകർത്തിച്ചിരിച്ച് ചെലമേശ്വർ തുടർന്നു:‘‘വിഷയം രാഷ്ട്രീയമാണല്ലോ. അത് എങ്ങനെ േവണമെന്നു ചില ഉപദേശങ്ങൾ നൽകാമെന്നു ഞാൻ ഏറ്റു.’’ 

സുഹൃത്തിന്റെ പല പഞ്ച് ഡയലോഗുകളും ചെലമേശ്വറിനു മനഃപാഠമാണ്. കൊളീജിയത്തിലെ തർക്കങ്ങളെക്കുറിച്ചു സുഹൃത്തുക്കളോടു പറയുമ്പോൾ സന്ധി, ശണ്ഠ തുടങ്ങിയ വാക്കുകൾ കടന്നുവരുന്നതിന്റെ കാരണവും അതുതന്നെ. ‘കാല’ ചെലമേശ്വർ കാണാനിരിക്കുന്നതേയുള്ളൂ. 

മുത്തച്ഛന്റെ അറിവ് 

തുഗ്ലക് റോഡിലെ വീട്ടിൽ, ഓഫിസ് മുറിയിൽ, തലയുയർത്തി നോക്കിയാൽ ‍കാണാവുന്ന വിധത്തിൽ‍, മഞ്ഞനിറത്തിലുള്ള ഒരു കാർ‍ഡ് ചെലമേശ്വർ തൂക്കിയിരുന്നു. മൂന്നു കൊച്ചുമക്കളും ചേർന്നു സമ്മാനിച്ചതാണ്. സിംഗപ്പൂരിൽ യാത്രപോയപ്പോൾ‍ അവർ എവിടെയോ കണ്ടു വായിച്ചതാണ് അതിൻമേൽ എഴുതിയിട്ടുള്ളത്: ‘അച്ഛൻമാർക്കു കുറച്ചൊക്കെ അറിയാം. മുത്തച്ഛൻമാർക്ക് എല്ലാമറിയാം.’ 

മുത്തച്ഛൻമാരുടെ ഓർമകൾ നിറഞ്ഞ പെദ്ദമുത്തേവിയിലേക്കു മടങ്ങുന്നതിനു ദിവസങ്ങൾ മുൻപ്, നായകൻ തിരുപ്പതിയിൽ പോയി തലമുണ്ഡനം ചെയ്തു. തന്റെ ഉലകനായകനെ വണങ്ങി.