Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേതബാധ’യുള്ള ശ്മശാനത്തിൽ ഉണ്ടുറങ്ങി എംഎൽഎ; അഭിവാദ്യവുമായി പിണറായി

Nimmala-Rama-Naidu ശ്മശാനത്തിൽ അന്തിയുറങ്ങുന്ന നിമ്മല രാമ നായിഡു. പിണറായി വിജയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

തിരുവനന്തപുരം/പാലകോല്‍∙ പ്രേതബാധയുണ്ടെന്ന വിശ്വാസത്തെത്തുടർന്ന് തൊഴിലാളികൾ നിർമാണ പ്രവൃത്തികളിൽ നിന്നു പിന്മാറിയ ശ്മശാനത്തിൽ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എംഎൽഎ നിമ്മല രാമ നായിഡു. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ചു വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന എംഎൽഎയെ അഭിവാദ്യം ചെയ്ത് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് തെലുങ്കു ദേശം പാർട്ടി എംഎൽഎയായ നിമ്മലയെ പിണറായി അഭിനന്ദിച്ചത്.

ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോൽ മണ്ഡലം എംഎൽഎയാണ് നിമ്മല രാമ നായിഡു. മൂന്നു കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ ശ്മശാനത്തിന്റെ നവീകരണത്തിനു വേണ്ടി അനുവദിച്ചിരുന്നത്. നിമ്മല എംഎൽഎയായതിനു ശേഷമായിരുന്നു തുക അനുവദിച്ചിരുന്നത്.

രണ്ടു തവണ ടെണ്ടർ വിളിച്ചിട്ടും ആരും ശ്മശാനത്തിന്റെ കരാർ ഏറ്റെടുത്തിരുന്നില്ല. അതിനിടെ ഒരു വിധത്തിൽ ശുചീകരണ ജോലി ആരംഭിച്ചപ്പോഴാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. അതോടെ പണിയും നിർത്തി. പ്രേതബാധയുള്ള സ്ഥലമാണിതെന്ന പ്രചാരണവും ശക്തമായി. ഇതിനു പിന്നാലെയാണ് എംഎൽഎ രംഗത്തെത്തിയത്. 

വെള്ളിയാഴ്ച എംഎൽഎ അത്താഴം കഴിച്ചതും ഉറങ്ങിയതുമെല്ലാം ശ്മശാനത്തിലായിരുന്നു. ഒപ്പം ആരെയും നിർത്തിയതുമില്ല. ശനിയാഴ്ച വൈകിട്ട് ഉറങ്ങാനായി വരുമ്പോൾ ശ്മശാനത്തിൽ അൻപതോളം പേർ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നിട്ടും ആ രാത്രി അദ്ദേഹം അവിടെ തങ്ങി. ഇത്തവണ ഒരു കൊതുകുവല ഉപയോഗിച്ചെന്നു മാത്രം.

ശ്മശാനത്തിൽ ഒറ്റയ്ക്കു കിടന്നിട്ടും എംഎൽഎയെ ‘ആക്രമിക്കാൻ’ പ്രേതങ്ങളൊന്നും വന്നില്ല. എന്താണ് രാത്രിയിൽ ഏറ്റവും വിഷമിപ്പിച്ചത് എന്ന ചോദ്യത്തിന് എംഎൽഎയുടെ ഉത്തരം ഇങ്ങനെ: ‘കൊതുകുകളും സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധവും’. എംഎൽയുടെ നടപടി ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതോടെയാണ് അഭിനന്ദനവുമായി പിണറായി എത്തിയത്.

അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്: 

‘അന്ധവിശ്വാസങ്ങൾക്കെതിരെ വലിയ തോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന‌ു നോക്കുമ്പോൾ ഇതു നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്കു വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.

‘പ്രേതഭയം’ മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്‍റെ നിർമാണം പൂർത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിർത്താനുമാണ് തെലുങ്കു ദേശം പാർട്ടി എംഎൽഎ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ചു കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവിൽ ശ്‌മശാനം നവീകരിക്കാൻ എട്ടു മാസം മുൻപ് ആരംഭിച്ച ശ്രമം ‘പ്രേതബാധ’ ഉണ്ട് എന്നു വിശ്വസിച്ചു തൊഴിലാളികൾ പിന്മാറിയതോടെയാണു നിലച്ചത്. 

തന്റെ ശ്മശാന വാസം തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ജോലികൾ ഉടനെ പുനഃരാരംഭിക്കാൻ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാർത്തയുണ്ട്. പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്.

related stories