Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ആശുപത്രികൾക്കു വേണ്ടി മോശം കയ്യുറകൾ വാങ്ങിക്കൂട്ടി

Surgical Gloves

തിരുവനന്തപുരം∙ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാൻ വാങ്ങിയ 1.61 കോടി കയ്യുറകൾക്കു മതിയായ ഗുണമേന്മയില്ലെന്ന് ആരോപണം. നിപ്പ വൈറസും പകർച്ചപ്പനിയും ഭീതി വിതയ്ക്കുമ്പോഴാണു ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും ഉപയോഗിക്കുന്നതിനുവേണ്ടി മാനദണ്ഡങ്ങൾ പാലിക്കാത്ത കയ്യുറകൾ വാങ്ങിക്കൂട്ടിയത്. കരാർ നൽകിയ കേരള മെഡിക്കൽ സർവീസ് കോർപറേഷന് ഇതേക്കുറിച്ചു ചിലർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആരംഭിച്ചില്ല.

മൂന്നുവർഷം 50 കോടി രൂപയുടെ വിറ്റുവരവ്, ഐഎസ്ഐ അംഗീകാരം എന്നിവയുള്ള കമ്പനികൾക്കു മാത്രമേ കരാറിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. ആദ്യമായി കരാറിൽ പങ്കെടുക്കുന്ന കമ്പനിയാണെങ്കിൽ കോർപറേഷൻ നിയോഗിക്കുന്ന സമിതി ഫാക്ടറി പരിശോധിക്കും. 

കോർപറേഷന്റെ ടെൻഡറിൽ ആദ്യമായി പങ്കെടുക്കുന്ന കോട്ടയത്തെ ഒരു കമ്പനിയാണു കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത്. മാനദണ്ഡങ്ങൾ പാലിച്ചു നിർമിക്കുന്ന കയ്യുറകളുടെ ഉൽപാദനച്ചെലവിന്റെയത്ര പോലും വരാത്ത നിരക്കിൽ കരാർ കൊടുത്തതിൽ കോർപറേഷനിലെ ചില ഉദ്യോഗസ്ഥർക്കു സംശയം ഉണ്ടായിരുന്നു. ആദ്യമായി ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനിയെന്ന നിലയ്ക്ക് ഫാക്ടറിപരിശോധന നടത്തണമെന്ന വ്യവസ്ഥ പാലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറായില്ല. 

കയ്യുറകൾക്കു 0.18 മുതൽ 0.30 മില്ലീമീറ്റർ വരെ കനം ഉണ്ടായിരിക്കണം. എന്നാൽ, കമ്പനി നൽകിയ കയ്യുറകൾക്കു 0.10 മില്ലീമീറ്റർ കനമേയുള്ളൂ. ഇത്തരം കയ്യുറകൾ ഉപയോഗിക്കുമ്പോൾ വേഗത്തിൽ കീറിപ്പോകും. 

ഐഎസ്ഐ നിയമപ്രകാരം എല്ലാ കയ്യുറകളിലും ഐഎസ്ഐ മുദ്ര ഉണ്ടായിരിക്കണം. എന്നാൽ, ഈ കയ്യുറകളുടെ കവറിൽ മാത്രമേ മുദ്രയുള്ളൂ. ഉൽപാദിപ്പിച്ച തീയതിയും കാലാവധി കഴിയുന്ന തീയതിയും ഓരോ കയ്യുറകളിലും രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. കയ്യുറകളെല്ലാം കോർപറേഷന്റെ സംഭരണശാലകളിൽ എത്തിക്കഴിഞ്ഞു.

related stories