Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും

Kerala-Train-Indian-Railway (ഫയൽ ചിത്രം: റിജോ ജോസഫ്)

കൊച്ചി ∙ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇന്നു മെഗാ ബ്ലോക്ക് ഏർപ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളിൽ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) സിരീഷ് കുമാർ സിൻഹ പറഞ്ഞു. 

മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെൽവേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളിൽ‍ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നു കൂടുതൽ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരിൽ നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കാൻ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകൾ വൈകിയോടിയത്. 

ട്രെയിനുകളുടെ ബാഹുല്യം മൂലം അറ്റകുറ്റപ്പണിക്കായി നാലു മണിക്കൂർ ബ്ലോക്ക് ഡിവിഷനിൽ ലഭിക്കുന്നില്ലെന്നു ഡിആർഎം പറഞ്ഞു. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തിൽ ഓഗസ്റ്റ് 15ന് നിലവിൽ വരുന്ന പുതിയ സമയക്രമത്തിൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തും. 22 കിലോമീറ്റർ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ബാധിച്ചിട്ടുണ്ട്. 15 കിലോമീറ്റർ റെയിൽ മാത്രമാണു ഈ മാസം ലഭിച്ചത്. 

സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതിനാലാണു ട്രെയിനുകൾ നിർത്തി അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത്. യാത്രക്കാർ ഈ ഘട്ടത്തിൽ റെയിൽവേയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

ഒരു മീറ്ററിന് 52 കിലോഗ്രാം ഭാരമുള്ള പഴയ റെയിലുകളാണു നിലവിൽ ഡിവിഷനിലുള്ളത്. 60 കിലോഗ്രാം ഭാരമുള്ള റെയിലുകളാണു പാളം പുതുക്കാൻ ഉപയോഗിക്കുന്നത്. ഇത് തേയ്മാനവും വിള്ളലും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം പുതിയ ടൈംടേബിളിൽ അറ്റകുറ്റപ്പണിക്കുള്ള ബ്ലോക്ക് ഞായറാഴ്ചയ്ക്കു പകരം ശനിയാഴ്ച രാത്രിയിൽ നൽകണമെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. വിവിധ നഗരങ്ങളിൽ തിങ്കളാഴ്ച രാവിലെ ജോലിക്കു ഹാജരാകേണ്ടവരാണു ഞായറാഴ്ച വൈകിട്ടു കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്നത്. ട്രെയിനുകൾ വൈകുന്നതു കൃത്യസമയത്തു ജോലിക്കെത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും ഫോറം ചൂണ്ടിക്കാട്ടി.

related stories