Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണീ ശ്രീനിവാസൻ, എങ്ങനെ ഈ സ്ഥാനത്തെത്തി?: രാഹുലിനെ പ്രതിഷേധമറിയിച്ച് സുധീരന്‍

Sudheeran--K-Sreenivasan വി.എം.സുധീരൻ, ശ്രീനിവാസൻ കൃഷ്ണൻ

തിരുവനന്തപുരം∙ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി മലയാളി ശ്രീനിവാസൻ കൃഷ്ണനെ നിയമിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണു സുധീരൻ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീനിവാസന്റേതു പിൻവാതിൽ നിയമനമെന്നു വിമർശിച്ച സുധീരൻ നടപടിയോടുള്ള വിയോജിപ്പ് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായും വ്യക്തമാക്കി. 

കുറിപ്പിന്റെ പൂർണരൂപം:

‘കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ.കെ.ആന്റണി നിലകൊള്ളുന്നു എന്നതു നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി കെ.സി.വേണുഗോപാലും പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്.

കോൺഗ്രസ് പ്രവർത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്’– സുധീരൻ കുറിച്ചു.

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സെക്രട്ടറിയായിരുന്നു ശ്രീനിവാസൻ കൃഷ്ണൻ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവിൽ അഖിലേന്ത്യാ പ്രഫഷനൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റാണ്. 

related stories