Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജറുടെ ഭാര്യയ്ക്ക് തന്നോടായിരുന്നു സ്നേഹമെന്ന് പ്രതി, വിളിച്ചത് 3000 തവണ; കഴുത്തറുത്തത് കാറിനകത്ത്

Delhi-Army-Major-Wife-Murder ഷൈലജ ദ്വിവേദി, നിഖിൽ റായ് ഹന്ദ

ന്യൂഡൽഹി∙ മേജറുടെ ഭാര്യയെ മറ്റൊരു മേജർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്നേഹമെന്നും ഒടുവിൽ ഒഴിവാക്കാൻ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജർ നിഖിൽ റായ് ഹന്ദ പൊലീസിനു മൊഴി നൽകി.

എന്നാൽ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു നിഖിലിനോട് ഷൈലജ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് ഭാഷ്യം. ഷൈലജ എല്ലാവരോടും സൗഹാർദപരമായാണു പെരുമാറിയിരുന്നത്. നിഖിൽ അത് തെറ്റിദ്ധരിച്ചതാകാമെന്നും ഷൈലജയുടെ സഹോദരൻ പറഞ്ഞു.

ശനിയാഴ്ചയാണു വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ അമിത്തിന്റെ ഭാര്യയായ ഷൈലജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. ആർമി ബേസ് ഹോസ്പിറ്റലിൽ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഫിസിയോതെറപ്പിക്കെന്ന പേരിൽ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തി. ഡ്രൈവർ തിരികെ പോകുകയും ചെയ്തു. ആശുപത്രിയിൽ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറിൽ ഇരുവരും ഡൽഹി കന്റോൺമെന്റിലേക്കാണു പോയത്.

യാത്രയ്ക്കിടെ കാറിനുള്ളിൽ ഇരുവരും വാക്കേറ്റത്തിലേർപ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖിൽ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാർ കയറ്റിയിറക്കുകയും ചെയ്തു.

ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്റ്റേഷനിൽ നൽകുന്നത്. അതിനു മുൻപേ തന്നെ വഴിയാത്രക്കാർ ബ്രാർ സ്ക്വയറിലെ വിജനമായ റോഡിൽ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.

തുണയായത് സിസിടിവി ക്യാമറകൾ

പ്രതിക്കു വേണ്ടി ഡൽഹി പൊലീസ് ഇരുനൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. ആറു സംഘങ്ങളായിട്ടായിരുന്നു ഡൽഹി പൊലീസിന്റെ അന്വേഷണം. ആർമി ബേസ് ആശുപത്രി പരിസരത്തെ രണ്ടു സിസിടിവികളിൽ നിന്ന് ഷൈലജ കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ കാറിന്റെ നമ്പർ കണ്ടെത്താനായില്ല. തുടർന്ന് ആർമി ബേസ് ആശുപത്രിക്കും സാകേതിലെ നിഖിലിന്റെ കുടുംബവീടിനും ഇടയ്ക്കുള്ള നൂറോളം സിസിടിവികൾ പരിശോധിച്ചു. അതിൽ നിന്നാണു കാർ നമ്പർ ലഭിക്കുന്നത്. 

അന്വേഷണ സംഘം നിഖിലിന്റെ കുടുംബവീട്ടിലെത്തിയെങ്കിലും ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. ഒരുപക്ഷേ മീററ്റിലേക്കു പോയിട്ടുണ്ടാകാമെന്ന വിവരം സഹോദരനാണു നല്‍കുന്നത്. അതോടെ ആർമി ഗെസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അ‍ഞ്ഞൂറോളം ഇടങ്ങളിൽ തിരച്ചിൽ ശക്തമാക്കി. സംഭവം നടന്ന് 20 മണിക്കൂറിനുള്ളിൽ നിഖിലിനെ പിടികൂടാനുമായി. മീററ്റ് കന്റോൺമെന്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിഖിൽ രാജ്യം വിടാനുള്ള നീക്കത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ ഫോണിലെ കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ പൊലീസിനു ശക്തമായ തെളിവുകളും ലഭിച്ചു.  ജനുവരി മുതൽ ഇതുവരെ മൂവായിരത്തിലേറെ തവണ നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്ന സമയം ഇയാൾ ബ്രാർ സ്ക്വയറിലുണ്ടായിരുന്നതായും വ്യക്തമായി. അതോടെയാണ് അറസ്റ്റ് ചെയ്തത്. നിഖിലിനെ കോടതി നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മനിഷ ത്രിപാഠിയുടേതാണ് ഉത്തരവ്.

related stories