Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരോദ പാട്യ കൂട്ടക്കൊലപാതകം: മൂന്നു പേർക്ക് 10 വർഷം കഠിന തടവ്

jail

അഹമ്മദാബാദ് ∙ 2002 ലെ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ മൂന്നു പേർക്ക് 10 വർഷം കഠിന തടവ്. ഗുജറാത്ത് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്നു വ്യക്തമാക്കിയായിരുന്നു വിധി പ്രസ്താവം. പി.ജെ. രജപുത്, രാജ്കുമാർ ചൗമാൽ, ഉമേഷ് ഭർവാദ് എന്നിവർക്കാണ് ശിക്ഷ. പ്രതികൾ കുറ്റക്കാരാണെന്ന് ഏപ്രിൽ 20ന് കോടതി കണ്ടെത്തിയിരുന്നെങ്കിലും ശിക്ഷയുടെ കാര്യത്തിൽ പ്രത്യേക വിചാരണ വേണമെന്ന് മൂന്നു പേരും ആവശ്യപ്പെടുകയായിരുന്നു. ആറാഴ്ചക്കകം പൊലീസിനു മുന്നിൽ ഹാജരാകാൻ ഇവർക്കു കോടതി നിർദേശം നൽകി. 

ഇരകളുടെ സങ്കടവും ആശങ്കയും കാണാതിരിക്കാനാകില്ലെന്നും വ്യക്തികൾക്കെതിരെയല്ല, മറിച്ച് സമൂഹത്തിനെതിരെയായിരുന്നു ഇവരുടെ പ്രവർത്തനങ്ങളെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ കുറ്റകൃത്യമാണിതെന്നും കോടതി വിലയിരുത്തി. ചെറിയ ശിക്ഷ നൽകുന്നത് നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും 10 വർഷം കഠിന തടവ് ഇവർ അർഹിക്കുന്ന ശിക്ഷയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

2002ലെ ഗുജറാത്ത് കലാപത്തിനിടെ 97 പേർ കൊല്ലപ്പെട്ട സംഭവമാണ് നരോദ പാട്യ കേസ്. ഗോധ്‌രയിൽ 51 കർസേവകർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് അഹമ്മദാബാദിനു സമീപം നരോദ പാട്യയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.