പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് മല്യ; വ്യക്തത വരുത്താനെന്ന് അവകാശവാദം

ലണ്ടൻ ∙ ബാങ്കുകളിൽ നിലവിലുള്ള വായ്പാ കുടിശിക കൊടുത്തു തീർക്കാൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തുണ്ടെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്ത് പുറത്തു വിട്ട് വിവാദ വ്യവസായി വിജയ് മല്യ. എന്നാൽ വായ്പ കുടിശിക വരുത്തി രക്ഷപ്പെടുന്നവരുടെ പോസ്റ്റർ ബോയ് ആയി ചിത്രീകരിക്കപ്പെട്ട താൻ പൊതുവികാരത്തിന്‍റെ ഇരയായി മാറിയിരിക്കുകയാണെന്നും കത്തിൽ മല്യ കുറ്റപ്പെടുത്തിയിട്ടുണ്ട്.

‘പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും 2016 ഏപ്രിൽ 15ന് ഞാൻ കത്തയച്ചിരുന്നു. കാര്യങ്ങളിൽ കൂടുതല്‍ വ്യക്തത വരുത്താനായി ആ കത്തുകൾ ഞാൻ പരസ്യമാക്കുകയാണ്. ഇരുവരും ഒരു മറുപടിയും തന്നിരുന്നില്ല’ -യുകെയിൽ നിന്നുള്ള പ്രസ്താവനയിൽ മല്യ വ്യക്തമാക്കി. 

പൊതുമേഖല ബാങ്കുകളുമായുള്ള ഇടപാടുകൾ തീർക്കാൻ ആത്മാർഥമായ എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഇത് തുടരുമെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതായും രാഷ്ട്രീയ ലക്ഷ്യത്തോടെ ബാഹ്യശക്തികള്‍ ഇടപെട്ടാൽ അതിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

17 ബാങ്കുകളിൽനിന്ന് 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിചാരണ നേരിടാൻ മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടക്കുകയാണ്.