Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമ ഇനി നടിക്കൊപ്പമോ നടനൊപ്പമോ?; രണ്ടായി പിരിഞ്ഞ് ‘അമ്മ’

AMMA-General-Body

മലയാള സിനിമാതാരങ്ങളുടെ സംഘടന ‘അമ്മ’യിലെ അസ്വാരസ്യങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക്. സംഘടനയിൽനിന്നു നടിമാരായ ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കൽ എന്നിവർ രാജിവച്ചതോടെ കൊട്ടിഘോഷിക്കപ്പട്ട ഐക്യം തകർന്നു. അമ്മയുടെ അംഗമായ സഹപ്രവർത്തകയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണു സംഘടന സ്വീകരിച്ചതെന്ന് ആരോപിച്ചാണു നടിമാരുടെ പ്രതിഷേധ രാജി.

‘അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിനു കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഞങ്ങളിൽ കുറച്ചു പേർ രാജി വയ്ക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നു’– നടിമാർ വ്യക്തമാക്കി. ഇതോടെ ‘അമ്മ’യിൽ വ്യക്തമായി രണ്ടുപക്ഷം ഉണ്ടായിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യപ്പെടുന്നവരും കുറ്റാരോപിതനെ പിന്തുണയ്ക്കുന്നവരുമെന്ന രണ്ടുചേരി ഉടലെടുത്തിരിക്കുന്നു.

അമ്മയോടു ചോദ്യങ്ങളുമായി ഡബ്ല്യുസിസി

കഴിഞ്ഞദിവസം ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള സന്നദ്ധത ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പങ്കെടുത്തവരാരും എതിരു പറഞ്ഞുമില്ല. ദിലീപിനെ ‘അമ്മ’യിലേക്കു തിരികെയെടുക്കുന്നതിൽ പ്രതിഷേധിച്ച് വനിതാ ചലച്ചിത്ര പ്രവർത്തരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് രംഗത്തെത്തി. സമൂഹമാധ്യമത്തിലെ കുറിപ്പിൽ അമ്മയുടെ തീരുമാനത്തിനെതിരെ സംഘടന ആഞ്ഞടിച്ചു. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തിൽ അപലപിക്കുകയാണെന്നു വ്യക്തമാക്കിയ സംഘടന കുറെ ചോദ്യങ്ങളും ഉന്നയിച്ചു.

അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? മാനഭംഗം പോലുള്ള കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുൻപ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലേ? ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്?

ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക? വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലേ?– ഈ ചോദ്യങ്ങൾക്കു അമ്മയുടെ ഭാരവാഹികളുടെ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. ഇതിനുപിന്നാലെയാണ് വിമൻ ഇൻ സിനിമാ കലക്ടീവിൽ അംഗങ്ങളായ നടിമാരിൽ ചിലർ അമ്മയിൽനിന്ന് രാജിവച്ചത്.

ദിലീപിനെതിരായ കുറ്റപത്രമിങ്ങനെ

നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വർഷം പിന്നിട്ട ശേഷമാണു സംഘടനയിലേക്കു ദിലീപിനു പ്രവേശനം ലഭിച്ചത്. ഇതു വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കി. കേരളത്തെ ഞെട്ടിച്ച യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കം 12 പേരാണു പ്രതികൾ. ആക്രമണത്തിനു ശേഷം നടിയെ മോശക്കാരിയാക്കാൻ മാധ്യമങ്ങളിലൂടെ ശ്രമിച്ച ദിലീപ്, തന്നെ ന്യായീകരിക്കാൻ സിനിമാപ്രവർത്തകരെ ഉപയോഗിച്ചെന്നും ആക്രമണത്തിനുശേഷം പൾസർ സുനിയും വിജേഷും ‘ലക്ഷ്യ’യിലെത്തിയത് കാവ്യാ മാധവന്റെ സഹോദരഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

‘അമ്മ’യുടെ 2013ലെ താരനിശയിൽ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത്. എന്നാൽ നാലുവർഷം ഈ ആക്രമണം വൈകി. ഇതിന്റെ കാരണങ്ങളും കുറ്റപത്രത്തിലുണ്ട്. 2013ലും 2014ലും പൾസർ സുനിക്കെതിരെ മറ്റ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. ഇതോടെ പൾസർ സുനി ഒളിവിൽ പോയി. 2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടു. നടിയുടെ അച്ഛൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒപ്പമുണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല.

നടിയുടെ അച്ഛന്റെ മരണശേഷം ക്വട്ടേഷൻ നടപ്പാക്കാൻ സുനി തീവ്രശ്രമം തുടങ്ങി. ഇതാണു പിന്നീടു നടപ്പായത്. ആക്രമണത്തിനു ശേഷവും നടിക്കെതിരെ പ്രതികാര മനോഭാവത്തോടെയാണു ദിലീപ് പെരുമാറിയത്. സിനിമയിലെ സ്വാധീനമുപയോഗിച്ചു താൻ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്തു.

ആക്രമണത്തിനുശേഷം പൾസർ സുനിയും വിജേഷും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നു. ഇവിടത്തെ ജീവക്കാരനായ സാഗർ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിതു മറച്ചു വയ്ക്കാനായിരുന്നു റിയയുടെ നിർദേശം. ദിലീപിന്റെ സ്വാധീനം മൂലം നടി പരാതിപ്പെടുകയില്ലെന്നാണു സുനിയും സംഘവും ധരിച്ചിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.

സിനിമയെ വെല്ലുന്ന വഴിത്തിരിവുകൾ

ആക‌്ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ്, സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും മുൻനിര നടൻ പ്രതിയാവുകയും ചെയ്ത കേസിനുള്ളത്. ഒരു സംഘം ഗുണ്ടകളിൽ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്.

2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്.

കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രിൽ 18നു പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ ഒരുപക്ഷേ, അവിടം കൊണ്ടു തീരേണ്ടതായിരുന്നു കേസ്. ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് കോടതിയെ അറിയിക്കുകയും ദിലീപിന്റെ പേര് ഇടയ്ക്കിടെ ഉയർന്നുകേൾക്കുകയും ചെയ്തെങ്കിലും വഴിത്തിരിവിനായി പൊലീസിനു കാത്തിരിക്കേണ്ടി വന്നു.

സുനിലിന്റെ കത്തും വിളിയും

ക്വട്ടേഷൻ നൽകിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തിൽ പ്രതി സുനിൽകുമാർ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ ബന്ധിപ്പിക്കാനുള്ള ഒരു തുമ്പ് അന്വേഷണ സംഘത്തിനു വീണുകിട്ടി. സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിൽകുമാറിന്റെ ഫോൺവിളി ദിലീപിലേക്ക് എത്താൻ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണിൽനിന്നു സുനിൽകുമാർ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി.

തിരിച്ചടിച്ച പരാതി

തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ സുനിൽകുമാ‍ർ പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനിൽകുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി.

സംസാരിക്കുന്ന ചിത്രങ്ങൾ

സുനിൽകുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായി.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാരിയരിൽനിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങൾ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി.

ജൂൺ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദിലീപ് നൽകിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ പൊലീസിനു പിടിവള്ളിയായി. നാദിർഷ ഉൾപ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിർണായകമായ അറസ്റ്റ്.

വനിതാ പ്രവർത്തകരുടെ കൂട്ടായ്മ

ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവര്‍ത്തകര്‍ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) രൂപീകരണത്തിനും സംഭവം കാരണമായി.

കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ. കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

നിലപാട് കടുപ്പിച്ച് യുവതാരങ്ങൾ

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ താര സംഘടനയായ അമ്മയിൽനിന്നു പിന്നാലെ പുറത്താക്കി. ദിലീപിന്റെ പ്രാഥമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം കൊച്ചിയിൽ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗമാണ് എടുത്തത്. അമ്മയുടെ ട്രഷറർ സ്ഥാനമാണു ദിലീപ് വഹിച്ചിരുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്കു കാര്യങ്ങളെത്തിയത്.

അമ്മയുടെ ഭരണഘടന പ്രകാരം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ലെന്ന് അഭിപ്രായമുയർന്നപ്പോൾ, ‘ആദ്യം പുറത്താക്കൽ, പിന്നീട് ഭരണഘടന നോക്കാം’ എന്ന നിലപാടാണു യുവതാരങ്ങൾ സ്വീകരിച്ചത്. ഇല്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടിവരുമെന്നും ഇവർ മുന്നറിയിപ്പു നൽകി. ‘ഇരയാക്കപ്പട്ടത് ഞങ്ങളുടെ ഒരംഗമാണ്. ഞങ്ങളുടെ സഹോദരിക്കു പിന്തുണ നൽകിയിട്ടുണ്ട്. സംഘടനയിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടാണ്. ഓരോരുത്തരെയും തിരിച്ചറിയാനും മറ്റും സംഘടനയെന്ന നിലയിൽ ബുദ്ധിമുട്ടാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കും’– അന്നത്തെ അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചു.

related stories