Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസിലെ പടലപ്പിണക്കം; കെപിസിസി യോഗത്തിനു സുധീരനും മുരളീധരനും ക്ഷണമില്ല

sudheeran-murali

തിരുവനന്തപുരം∙ ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ വി.എം. സുധീരനും കെ. മുരളീധരനും അടക്കമുള്ള കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ക്കു ക്ഷണമില്ല. വി.എം. സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരെയും വിളിക്കാതിരുന്നതെന്നാണു സൂചന. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല.

ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണു യോഗത്തിന്റെ അജണ്ട. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, കെ. മുരളീധരന്‍, വി.എം. സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം. സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണു സൂചന.

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അഗവണിച്ച് അപ്രസക്തമാക്കാനും പരിപാടികളില്‍നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. അതേസമയം, നിര്‍വാഹകസമിതിയല്ല നേതൃയോഗമാണു ചേരുന്നതെന്നും കെപിസിസി ഭാരവാഹികള്‍ക്കു പുറമെ ഡിസിസി പ്രസിഡന്റുമാരെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും മാത്രമാണു വിളിച്ചിട്ടുള്ളതെന്നുമാണു നേതൃത്വത്തിന്റ വിശദീകരണം. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന യോഗമല്ലെന്നും നേതൃത്വം പറയുന്നു.

കോണ്‍ഗ്രസിനു യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്ന ജില്ലകളില്‍ ഡിസിസി പ്രസിഡന്റുമാര്‍ തന്നെ ചെയര്‍മാന്‍ ആകണമെന്ന നിര്‍ദേശവും ചര്‍ച്ചചെയ്യും.