Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലയെറിയും മുൻപേ കരയിൽ നിന്നു വിളിയെത്തും, ഒപ്പം ദുരിതം പകർന്ന് കടൽ മാക്രികളും

Fishermen-Kerala മത്സ്യതൊഴിലാളികൾ ചാവക്കാട് മുനക്കക്കടവ് ഫിഷിങ് ലാന്റ് സെന്ററിൽ കടൽമാക്രികൾ നശിപ്പിച്ച വലകൾ നെയ്തെടുക്കുന്നു. ചിത്രം: ഉണ്ണി കോട്ടക്കൽ∙ മനോരമ

ചാവക്കാട്∙ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിൽ ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. കടലിലേക്ക് എല്ലാ സന്നാഹങ്ങളുമായെത്തി വലയെറിയും മുൻപേയാണു തിരികെ വരണമെന്നു കരയിൽ നിന്നു തീരദേശ പൊലീസിന്റെ വയർലസ് സന്ദേശമെത്തുന്നത്. ഇതുവഴി ഓരോ ദിവസവും നഷ്ടമുണ്ടാകുന്നതാകട്ടെ 30,000 രൂപ മുതൽ 40,000 രൂപ വരെയും. തൊഴിലാളികൾ ദൈനംദിന ചെലവുകൾ കണ്ടെത്താൻ പാടുപെടുകയാണെന്നാണു തൃശൂരിൽ നിന്നുള്ള റിപ്പോർട്ട്.

Kerala Fishermen- Fish കടലിൽ അപായ സൂചന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരിച്ചെത്തിയ മത്സ്യതൊഴിലാളികൾ ചാവക്കാട് കടൽമാക്രികൾ നശിപ്പിച്ച വലകൾ നെയ്തെടുക്കുന്നു. ചിത്രം: ഉണ്ണി കോട്ടക്കൽ∙ മനോരമ

സാധാരണയെക്കാൾ ഈ വർഷം മഴ കൂടുതലായതാണു മീൻപിടിത്തക്കാരെ തീ തീറ്റിക്കുന്നത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ചെറിയ ബോട്ടുകളാണ് മീൻപിടിത്തക്കാർക്ക് ഇപ്പോൾ ആശ്രയം.

എല്ലാ സന്നാഹങ്ങളുമായി തൊഴിലാളികളെയും നിറച്ച് കടലിൽ ഇറങ്ങിക്കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാവും തീരദേശത്തു ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും കടലിൽ പോകരുതെന്നുമുള്ള നിർദേശം ലഭിക്കുക. ഇതോടെ തീരദേശ പൊലീസ് ഇവരോട് തിരികെ വരാൻ ആവശ്യപ്പെടും. ഇതോടെ ഒരു മീൻ പോലുമില്ലാതെ ബോട്ടുകൾ തിരികെ കരയ്ക്കടുപ്പിക്കേണ്ടിയും വരും.  

40 മുതൽ 55 വരെ തൊഴിലാളികൾ ഉള്ള ബോട്ടുകൾ ആണ് മടങ്ങുന്നത്. ഇത്രയും തൊഴിലാളികളുടെ മണിക്കൂറുകളോളം നീളുന്ന അധ്വാനം വെറുതെയാവുമെന്നതാണ് സ്ഥിതി. ബോട്ടിൽ ഇന്ധനം നിറയ്ക്കുന്ന വകയിലും മറ്റുമുള്ള നഷ്ടം വേറെ. കടൽ മാക്രിയുടെയും മറ്റും ആക്രമണം മൂലം പരുക്കില്ലാതെ വല തിരികെ കയറ്റാൻ പറ്റാറില്ലെന്നും മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിലെ മീൻപിടിത്ത തൊഴിലാളികൾ പറയുന്നു. 

ശക്തമായ കാറ്റാണ് പല ദിവസങ്ങളിലും കടലിൽ വീശുന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കാലാവസ്ഥ മാറുന്നതിൽ മൽസ്യബന്ധന വകുപ്പും ദുരന്ത നിവാരണ വകുപ്പും കനത്ത ആശങ്കയിലാണ്.