Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’ വഴങ്ങുന്നു?: മോഹന്‍ലാൽ തിരിച്ചെത്തിയാൽ ചർച്ച

amma-general-body-meeting അമ്മ ജനറൽ ബോഡി യോഗത്തിൽനിന്ന്. ചിത്രം: ഫെയ്സ്ബുക്

കൊച്ചി ∙ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുളള വിഷയങ്ങളില്‍ താരസംഘടനയായ അമ്മ, വിമന്‍ സിനിമാ കലക്ടീവുമായി വൈകാതെ ചര്‍ച്ച നടത്തും. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമാകും ചര്‍ച്ച. അതേസമയം വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ ഫെഫ്കയുടെ യോഗം ഇന്നു കൊച്ചിയില്‍ ചേരും. ദീലിപിനെ തിരിച്ചെടുത്തതു പുനഃപരിശോധിക്കണമെന്നും എക്സിക്യുട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ടു രേവതിയടക്കം മൂന്നു നടിമാര്‍ കത്തു നല്‍കിയതോടെയാണ് ‘അമ്മ’ സമ്മര്‍ദ്ദത്തിലായത്.

സംഘടനയിലേക്കു തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്കു ദിലീപ് ഇന്നലെ കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നു പറയുന്ന കത്തിന്റെ പകര്‍പ്പ് ദിലീപ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവു തിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണു സംഘടനയിലേക്കു തല്‍ക്കാലമില്ലെന്നു ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്നു വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമർശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന ‘അമ്മ’യ്ക്ക്, വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നല്‍കിയതിനുപിന്നാലെയാണു ദിലീപിന്റെ ഫെയ്സ്ബുക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്കു തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജൂലൈ 13 നോ 14 നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു രേവതി ഉള്‍പ്പടെയുള്ളവർ ആവശ്യപ്പെട്ടത്.

‘അമ്മ’ നിസംഗത തുടര്‍ന്നാല്‍ കൂടുത ല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. രാജിവച്ച നടിമാര്‍ക്കു പിന്തുണയമായി നടന്‍ പൃഥ്വിരാജുമെത്തിയിരുന്നു. രാജി വച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി, ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്നു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാടെങ്കിലും ഇതുവരെ പരസ്യപ്രതികരണത്തിന് അമ്മ തയാറായിട്ടില്ല.

അതേസമയം, താരസംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്ന് അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യമനുസരിച്ചുള്ള ഒരു തീരുമാനമെടുക്കാന്‍ അവര്‍ ആലോചിക്കട്ടെ, സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്നും മന്ത്രി കോഴിക്കോട്ടു പറഞ്ഞു.

related stories