Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

devalokam-catholicate-aramana ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന.

തിരുവനന്തപുരം∙ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ഉടന്‍ ഉത്തരവിറക്കും. കുമ്പസാര രഹസ്യം ചോര്‍ത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണു പരാതി. മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇതിനിടെയാണു വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്കു നേരിട്ടു പരാതി നല്‍കിയത്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭ

വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭ. പരാതിക്കാര്‍ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണച്ച സഭാ നേതൃത്വം അന്വേഷണവും ഊര്‍ജിതമാക്കി. ഓഗസ്റ്റ് ആദ്യവാരത്തോടെ സഭാ അധ്യക്ഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അപകീര്‍ത്തിപരമായ പരാമര്‍ശം ഇനിയും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.

സഭയിലെ നിരണം, തുമ്പമൺ, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണു ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുമ്പസാരരഹസ്യം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ ചൂഷണം ചെയ്തെന്ന് ആനിക്കാട് സ്വദേശിയാണ് ആരോപണം ഉന്നയിച്ചത്. മേയ് മാസം സഭയ്ക്ക് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് വൈദികരെ ഔദ്യോഗിക ചുമതലകളില്‍നിന്നു നീക്കം ചെയ്തു. വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെയും സഭ നിയോഗിച്ചു. ഇതോടൊപ്പമാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സഭ വ്യക്തമാക്കിയത്.

ആരോപണങ്ങള്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ഇതു തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കാനാണു തീരുമാനം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നു സഭാ നേതൃത്വം ഉറപ്പു നല്‍കുന്നു. അതേസമയം, ഇതു സംബന്ധിച്ചു യുവതി എവിടെയും പരാതി നല്‍കിയിട്ടില്ല.