Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയുടെ തിരോധാനം: പണി തീരാത്ത മുറിയിൽ ഇളകിക്കിടന്ന മണ്ണ് തെളിവാകുമോ?

Jesna Maria James | Enthayar Search ജയിംസിന്റെ ഉടമസ്ഥതയിലുള്ള വീട്.

വെച്ചൂച്ചിറ∙ കൊല്ലമുള കുന്നത്തുവീട്ടിലെ ജയിംസിന്റെ മകൾ ജെസ്നയെ കാണാതായിട്ട് നൂറു ദിവസം. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് മാർച്ച് 22നു വീട്ടിൽ നിന്നിറങ്ങിയ ജെസ്നയെ എരുമേലി വരെ കണ്ടവരുണ്ട്. കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജെസ്ന പിന്നീട് അപ്രത്യക്ഷയായി.

അതിനിടെയാണു ജെസ്നയെ അപായപ്പെടുത്തിയത് പിതാവ് ജെയിംസ് ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. എന്താണ് ഇതിന്റെ അടിസ്ഥാനം? ഇത്തരമൊരു സംശയത്തിലേക്കു ചൂണ്ടുപലകയായത് ജെസ്നയുടെ വീട്ടില്‍ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രമായിരുന്നു.

ജെയിംസിനെതിരെ ഉയര്‍ന്ന ചില ആരോപണങ്ങളും ഇതിന് അടിസ്ഥാനമാകുന്നു. ജെസ്നയെ കാണാതായതിന് പിന്നില്‍ പിതാവിന്റെ പേരു കേട്ടുതുടങ്ങിയത് അടുത്തിടെയാണ്. ഇൗ വിവരങ്ങളെ അടിസ്ഥാനമാക്കി പൊലീസ് കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതിനിടയാക്കിയ ചില കാര്യങ്ങളുണ്ട്. അതിലേക്ക് ‘മനോരമ ന്യൂസ്’ സംഘം നടത്തിയ യാത്ര ആ വീട്ടിലേക്കുമെത്തി. 

ജെസ്നയുടെ പിതാവ് ജയിംസിന്റെ നേതൃത്വത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക്. റബര്‍ തോട്ടത്തിന് ഇടയിലുള്ള ഒരു വീട്. ഒറ്റനോട്ടത്തില്‍ തന്നെ ഒന്നു വ്യക്തം. നിര്‍മാണം പാതി നിലച്ച ഒരു വീടാണത്. മേല്‍ക്കൂര പണി കഴിപ്പിച്ചിട്ടില്ല. വീട്ടിലേക്ക് കടക്കുമ്പോള്‍ കാണാനാവുന്നത് വീടിന്റെ തറയില്‍ പുല്ല് കിളിര്‍ത്തിരിക്കുന്നു. നിര്‍മാണം നിലച്ച ആ വീടിന്റെ എല്ലാ മുറികളിലും പുല്ല് വളര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു മുറിയില്‍ മാത്രം പുല്ലില്ല. മാത്രമല്ല മണ്ണ് ഇളകികിടക്കുകയും ചെയ്യുന്നു. ഇത് സംശയത്തിനിടയാക്കി.

പൊലീസ് സ്ഥലം വിശദമായി പരിശോധിച്ചു. നാട്ടുകാരോടും തിരക്കി. എന്നാല്‍ ഇതിന് വിശദീകരണമായി പറയുന്നത് ഇങ്ങനെ. നിര്‍മാണത്തിലിരുന്ന വീട്ടില്‍ മാലിന്യം കണ്ടെത്തിയെന്നും അത് കുഴിച്ചിടാനായി എടുത്ത കുഴിയാണ് ഇതെന്നും. അങ്ങനെ കുഴിയെടുത്തപ്പോള്‍ അവിടെ കിളിര്‍ത്ത് നിന്ന പുല്ല് നീക്കം ചെയുകയും ചെയ്തു.

എന്നാല്‍ പൊലീസ് അക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി വരുകയാണ്. അപ്പോഴും കുടുംബം പിതാവ് ജയിംസിനൊപ്പം അടിയുറച്ച് നില്‍ക്കുന്നു. ബിസിനസ് പരമായി ഒട്ടേറെ ശത്രുക്കളുണ്ട് ജയിംസിന് അവരാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നതിന് പിന്നിലെന്ന് കുടുംബം ആവര്‍ത്തിക്കുന്നു.

ജസ്ന ആരുടെയോ തടങ്കലിലാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. മുണ്ടക്കയത്തിലേക്കുള്ള യാത്രക്കിടയില്‍ അവള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ജസ്ന മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇതിനിടയില്‍ ജസ്നയെ പലയിടങ്ങളിലായി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു. ആ വിശ്വസത്തില്‍ നീറി കഴിയുകയാണ് ഇൗ കുടുംബം. ഉയരുന്ന ആരോപണങ്ങള്‍ ചങ്കുതകര്‍ക്കുന്നതാണെങ്കിലും അവര്‍ വിശ്വസിക്കുന്നു– ജസ്ന അവള്‍ തിരിച്ചുവരും.