രാഹുൽ ഗാന്ധിയുടെ ആരോപണം റീ ട്വീറ്റ് ചെയ്ത് മല്യ; ഇതാണു ‘മഹാസഖ്യ’മെന്ന് ബിജെപി

രാഹുൽ ഗാന്ധി, വിജയ് മല്യ

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കള്ളപ്പണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ട്വിറ്ററിൽ റീട്വീറ്റ് ചെയ്ത് വിവാദ വ്യവസായി വിജയ് മല്യ. ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു ബിജെപിയും ‘വൻ തട്ടിപ്പുകാരന്റെ മഹാസഖ്യ’മെന്നാണ് ഈ നീക്കത്തെ ബിജെപി വക്താവ് അനിൽ ബാലുനി വിമർശിച്ചത്. 

കഴിഞ്ഞ ദിവസമാണ് മോദിക്കെതിരെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ‘2014ൽ നരേന്ദ്രമോദി പറഞ്ഞു, സ്വിസ് ബാങ്കിലുള്ള എല്ലാ കള്ളപ്പണവും മടക്കിക്കൊണ്ടു വരുമെന്നും ഇന്ത്യയിലെ എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നല്‍കുമെന്നും. 2016ൽ മോദി പറഞ്ഞു നോട്ട് അസാധുവാക്കൽ ഇന്ത്യയിലെ കള്ളപ്പണത്തെ മുഴുവൻ ഒഴിവാക്കാൻ സഹായിക്കുമെന്ന്. 2018ൽ മോദി പറയുന്നു സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ സമ്പാദ്യത്തിൽ 50 ശതമാനം വളർച്ചയെന്ന്. മാത്രവുമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടുകളിൽ ഇല്ലെന്നും...’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇത് വിജയ് മല്യ ട്വീറ്റ് ചെയ്യുകയായിരുന്നു. 

കോടിക്കണക്കിനു രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്നു മുങ്ങി ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ് മല്യ ഇപ്പോൾ. ഇയാൾ രാഹുലിന്റെ ട്വീറ്റ് പങ്കുവച്ചതിനാണു ബിജെപിയുടെ വിമർശനം.

കോൺഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു മല്യ. അക്കാര്യം ഇപ്പോൾ പരസ്യമായെന്നു മാത്രം. കോൺഗ്രസ് ഭരണകാലത്താണു ബാങ്കുകളിൽ നിന്നു മല്യയ്ക്കു പണം ലഭ്യമാക്കിയതെന്നും ബിജെപി വക്താവ് വിമർശിച്ചു.