Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യുടേത് മുഖം രക്ഷിക്കൽ നടപടി, സ്ത്രീവിരുദ്ധ നിലപാടുകള്‍ അലങ്കാരം: ചലച്ചിത്ര കൂട്ടായ്മ

AMMA-Film-Fraternity

തിരുവനന്തപുരം∙ നടി ആക്രമിക്കപ്പെട്ട കേസിൽ ‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര കൂട്ടായ്മയുടെ പ്രതികരണം. സംഘടനയുടെ പേരെടുത്തു പറയാതെയാണു വിമർശനം. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കൂട്ടായ്മ വ്യക്തമാക്കി.

വിനായകൻ, വിധു വിൻസന്റ്, രേവതി, പത്മപ്രിയ, പാർവതി, പി.ബാലചന്ദ്രന്‍, സജിത മഠത്തിൽ, ആഷിഖ് അബു, രാജീവ് രവി, അൻവർ റഷീദ്, അമല്‍ നീരദ്, വേണു, ബീന പോൾ തുടങ്ങിയവർ ഉൾപ്പെടെ നൂറു പേർ ഒപ്പിട്ട പ്രസ്താവനയാണു പ്രചരിക്കപ്പെടുന്നത്. ചലച്ചിത്ര പ്രവർത്തകരെല്ലാം പ്രസ്താവന തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ പൂർണരൂപം വായിക്കാം: 

‘അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴിൽ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങൾ. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ചു സമൂഹത്തിനു മാതൃകമായ ധീര യുവതിയാണ്.

അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടിരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു.

ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനിൽക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡൽ ലോകത്തിന്റെ പൊതു നിലപാടുകൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹാർദ്ദവാഭിവാദ്യങ്ങൾ.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്നു തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്ത താൽപര്യങ്ങള്‍ക്കും ജാതി–മത–ലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സർഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്നു സർക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങൾ ചലച്ചിത്ര പ്രവർത്തകർ അഭ്യർഥിക്കുന്നു.

related stories