Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു: യുദ്ധ പ്രഖ്യാപനവുമായി നടിമാർ

padmapriya-parvathy പത്മപ്രിയ, പാർവതി.

കൊച്ചി∙ താരസംഘടന ‘അമ്മ’യോടുള്ള പോരാട്ടത്തിനു മൂർച്ചകൂട്ടി വനിതാ കൂട്ടായ്മ അംഗങ്ങൾ. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്തിരിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി വിമെൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ പത്മപ്രിയയും പാർവതിയും രംഗത്തെത്തി. രണ്ട് അംഗങ്ങൾ മത്സരിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഒരു കൂട്ടത്തെ ആരോ മുൻകൂട്ടി തിരഞ്ഞെടുക്കുകയായിരുന്നു. മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു. പാർവതിയും പത്മപ്രിയയും ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു കൂട്ടം നോമിനികളെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തുവെന്നും എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും പാര്‍വതിയും പത്മപ്രിയയും പറയുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിനുപുറത്ത് യാത്രയിലായിരിക്കുമെന്ന കാരണത്താല്‍ നോമിനേഷന് അപേക്ഷിക്കുന്നതില്‍നിന്നു തന്നെ പിന്തിരിപ്പിച്ചെന്നാണു പാര്‍വതിയുടെ ആരോപണം. പലരുടേയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും നടിമാർ ആരോപിച്ചു.

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. തുടർന്നു റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽനിന്നു രാജിവച്ചു. നടിമാരുടെ രാജിക്കു പിന്നാലെ വിഷയത്തില്‍ പ്രത്യേകയോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയിലും ഡബ്ല്യുസിസിയിലും അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവർ കത്തയച്ചു. അമ്മയ്ക്കെതിരെ വിവിധ മേഖലകളിൽനിന്ന് വലിയ തോതിൽ വിമർശനവുമുയർന്നു. മോഹൻലാലിന്റെ കോലം കത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ അരങ്ങേറി.

ഇതിനിടെ, രാജിവച്ച നാലു നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ജനങ്ങളുടെ പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനാണു സംഘടന. രാഷ്ട്രീയക്കാർ അമ്മയ്ക്കെതിരെ വിമർശനം നടത്തുന്നതു കയ്യടി നേടാനാണ്. ഇപ്പോൾ അമ്മയ്ക്കെതിരെ വരുന്ന വാർത്തകൾ രണ്ടുദിവസം കൊണ്ട് അടങ്ങും. ഇത്തരം ആരോപണങ്ങൾക്കൊന്നും നമ്മളാരും മറുപടി നൽകേണ്ട കാര്യമില്ലെന്നും ‌ഗണേഷ് സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 26നാണ് അമ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികള്‍ ഇവരാണ്: പ്രസിഡന്റ്- മോഹന്‍ലാല്‍, സെക്രട്ടറി- സിദ്ദിഖ്, വൈസ് പ്രസിഡന്റ്- മുകേഷ്, ഗണേഷ് കുമാര്‍. ജനറല്‍ സെക്രട്ടറി- ഇടവേള ബാബു. എക്‌സീക്യൂട്ടിവ് അംഗങ്ങൾ– ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള സംഘടനയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരാകും.

related stories