Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്കൊപ്പം നിൽക്കാൻ ‘അമ്മ’ തയാറായില്ല: വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ

Mohanlal

ബെംഗളൂരു∙ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടിയെ വിമർശിച്ച് ഇന്ത്യയിലെ വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ (എൻഡബ്ല്യുഎംഐ). മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ അവരുടെ കരിയറിനെപ്പോലും ബാധിച്ചേക്കാവുന്ന ധീരമായ തീരുമാനമെടുത്തതിനെയും എംഡബ്ല്യുഎംഐ പരാമർശിക്കുന്നു.

‘അതിക്രമത്തിനിരയായ യുവതി ഇക്കാര്യം വെളിപ്പെടുത്തി നിയമപരമായി മുന്നോട്ടുപോകാൻ 2017 ഫെബ്രുവരിയിലെടുത്ത തീരുമാനത്തെ അഭിമാനത്തോടെയാണ് ഓർമിക്കുന്നത്. ഹോളിവുഡിലെ ‘മിടൂ’ ക്യാംപെയ്ൻ ഒക്കെ പിന്നെയാണു വന്നത്. ദിലീപ് ഇടപെട്ടു സിനിമയിലെ തന്റെ അവസരങ്ങൾ നഷ്ടമാക്കുന്നതിനെക്കുറിച്ചു നടി അമ്മയ്ക്കു പരാതി നൽകിയിരുന്നു. അന്നും പിന്നീട് അതിക്രമം നേരിട്ടപ്പോൾപ്പോലും നടിക്കൊപ്പം നിൽക്കാൻ സംഘടന തയാറായില്ല.’

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടന ഇങ്ങനെ പെരുമാറുന്നതു തീർത്തും നിരാശാജനകമാണെന്നു പറയുന്ന കൂട്ടായ്മ ഡബ്ല്യുസിസിയെ പരിഹസിച്ച് അമ്മ നടത്തിയ സ്കിറ്റിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. പുരുഷാധിപത്യ വ്യവസ്ഥിതിയുടെ കണ്ണിലൂടെ മാത്രം നോക്കി വനിതകളെ അപമാനിക്കുന്ന തരത്തിലുള്ള സ്കിറ്റായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്തെ സിനിമാ വ്യവസായത്തിനു തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള നിയമത്തെക്കുറിച്ച് അറിയില്ലെന്നതു ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു.

സംഭവത്തിൽ സിപിഎം സ്വീകരിച്ച നിലപാടിനെയും എൻഡബ്ല്യുഎംഐ വിമർശിക്കുന്നു. സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന രണ്ട് എംഎൽഎമാരുടെയും എംപിയുടെയും പ്രസ്താവനങ്ങളെയും കൂട്ടായ്മ വിമർശിക്കുന്നു.

എൻഡബ്ല്യുഎംഐ മുന്നോട്ടുവയ്ക്കുന്ന നാലു കാര്യങ്ങൾ:

∙ ഡബ്ല്യുസിസി ആവശ്യപ്പെട്ടപ്രകാരം അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിക്കണം

∙ മലയാളം സിനിമാ വ്യവസായത്തിൽ തുടർന്നും നിർഭയം അഭിനയിക്കാൻ അതിക്രമത്തിനിരയായ നടിക്കു കഴിയുന്ന തരത്തിലുള്ള സാഹചര്യം അമ്മ സൃഷ്ടിക്കണം

∙ കുറ്റാരോപിതനെതിരെ സംസാരിക്കുന്നവരെ അമ്മ നിശബ്ദരാക്കുന്നെന്ന ആരോപണത്തിൽ ഉടൻതന്നെ അന്വേഷണം വേണം

∙ ആൺ – പെൺ അസമത്വത്തെ അഭിമുഖീകരിക്കാനുതകുന്ന നടപടിക്രമങ്ങൾ അമ്മ സ്വീകരിക്കണം. മാത്രമല്ല, മലയാളം സിനിമാ വ്യവസായത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള സാഹചര്യവും സൃഷ്ടിക്കണം.

related stories