Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലന്ധർ ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ച് കന്യാസ്ത്രീയുടെ മൊഴി

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം∙ ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍  ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി എസ്. സുഭാഷ് കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന്  ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം  ജലന്ധറിലേക്കു പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യംചെയ്യും.

പീഡന പരാതിയില്‍ കന്യാസ്ത്രിയുടെ വിശദമായ മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്. പീഡനം സ്ഥിരീകരിക്കുന്നതിനായി കന്യാസ്ത്രിയെ വിശദ വൈദ്യപരിശോധനയ്ക്കു വിധേയയാക്കാനാണു തീരുമാനം.

തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും. 2014 മുതല്‍ 2016 വരെ 13 തവണ പീഡിപ്പിച്ചെന്നാണ് മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായുള്ള പുതിയ പരാതിയും കന്യാസ്ത്രീ വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയിട്ടുണ്ട്.

ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികരോപണം മൂടിവച്ചെന്ന് ആരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയും പരാതി ഉയര്‍ന്നു. ഇരയായ കന്യാസ്ത്രീ ആറുമാസം മുന്‍പേ പരാതി നല്‍കിയിട്ടും നിയമനടപടിക്ക് തയ്യാറാകാതിരുന്ന കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ എഎംടിയാണു പൊലീസില്‍ പരാതി നല്‍കിയത്.

കന്യാസ്ത്രീയുടെ പരാതി പൊലീസിന് കൈമാറിയില്ല. സഭയുടെ പരമാധികാരിയായ മാര്‍പാപ്പയെ അറിയിക്കാനും തയാറായില്ല. പകരം പരാതി പിന്‍വലിപ്പിക്കാനും ഒതുക്കിതീര്‍ക്കാനും മാര്‍ ആലഞ്ചേരി ശ്രമിച്ചെന്നാണ് ആരോപണം. എഎംടി. കണ്‍വീനര്‍ ജോണ്‍ ജേക്കബ് എറണാകുളം റേഞ്ച് ഐജിക്കാണു പരാതി നല്‍കിയിരിക്കുന്നത്.

related stories