Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനാകുന്നില്ല; ആശങ്കയിൽ കുടുംബം

Kailash Mansarovar

കോഴിക്കോട്∙ കൈലാസ തീർഥാടനം കഴിഞ്ഞുമടങ്ങവേ മോശം കാലാവസ്ഥയിൽപ്പെട്ട് നേപ്പാളിലെ സിമിക്കോട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇനിയും സാധിച്ചില്ല. നാലു മലയാളികളടക്കം 500 പേരാണ് സിമിക്കോട്ട് വിമാനത്താവളത്തിനടുത്ത് മുറികളിലായും ടെന്റുകളിലായും അഞ്ചുദിവസമായി കഴിയുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉറപ്പുനൽകിയെങ്കിലും ഇനിയും നീക്കങ്ങളൊന്നുമുണ്ടാട്ടില്ലെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

സിമിക്കോട്ടിൽ ഇവർ സുരക്ഷിതരാണെങ്കിലും മാനസികമായും ശാരീരികമായും തളർന്നുതുടങ്ങിയിട്ടുണ്ട്. സ്ഥിരമായി മരുന്നുകഴിക്കുന്ന ചിലരുടെ മരുന്ന് തീർന്നതായും ബന്ധുക്കൾ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്. സിമിക്കോട്ടിൽനിന്ന് ചെറുവിമാനത്തിൽ നേപ്പാൾഗഞ്ചിലെത്തിയാണ് ഇന്ത്യയിലേക്കു മടങ്ങേണ്ടത്. എന്നാൽ നേപ്പാൾഗഞ്ചിലും പരിസരത്തും കനത്തമഴയും കാറ്റുമുള്ളതിനാൽ വിമാനസർവീസ് നിർത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് പാലത്ത് സ്വദേശികളായ വനജാക്ഷി കോതകുളങ്ങര (62), ചന്ദ്രൻ പുതുശ്ശേരി (58), പെരിന്തൽമണ്ണക്കാരായ ലക്ഷ്മീദേവി കുട്ടത്ത് (57), രമാദേവി കീഴേക്കളത്തിൽ (62) എന്നിവരാണ് കുടുങ്ങിയ മലയാളികൾ.