Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടൽ കൊലപാതകം: യോഗി സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

Yogi Adityanath

ന്യൂഡൽഹി ∙ പൊലീസ് ഏറ്റുമുട്ടലുകളിൽ നടന്ന കൊലപാതകങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന 1,100 പൊലീസ് ഏറ്റുമുട്ടലുകളിൽ 49 പേർ കൊല്ലപ്പെടുകയും 370 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പരാതിക്കാരായ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പിയുസിഎൽ) ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതേ വിഷയത്തിൽ നേരത്തെ സംസ്ഥാന സർക്കാരിനു നോട്ടിസയച്ചിരുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷനെയും കക്ഷിയാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഹർജിയുടെ ഒരു പകർപ്പ് അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു നൽകാനും കോടതി നിർദേശം നൽകി.