Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാളിൽ കുടുങ്ങിയ 104 പേരെ രക്ഷപെടുത്തി, സുരക്ഷിതസ്ഥാനത്തേക്കു മാറ്റി

Kailash--Nepal കൈലാസത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തുന്നു. ചിത്രം: എഎൻഐ

ന്യൂഡല്‍ഹി∙ മാനസസരോവര്‍ യാത്രയ്ക്കിടെ പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നു നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍. 104 കൈലാസ തീര്‍ഥാടകരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇവരെ സിമികോട്ടില്‍നിന്നു ഹില്‍സയിലെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നേപ്പാള്‍ സൈന്യത്തിന്റെ സഹായത്തോടെ മൂന്നു ക്യാംപുകളിലെ തീര്‍ഥാടകരെയും ഒരുമിപ്പിച്ചു ടിബറ്റന്‍ ഭാഗംവഴി യാത്ര പുനരാരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി മലയാളമടക്കമുള്ള ഭാഷകളില്‍ ഹോട്ട്‌ലൈൻ നമ്പറുകള്‍ സജ്ജമാക്കി.

സിമിക്കോട്ട്, ഹില്‍സ, നേപ്പാള്‍ഖഞ്ച് എന്നീ മൂന്ന് ക്യാപുകളിലായി 40 മലയാളികളടക്കം 1,575 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 290 പേര്‍ കര്‍ണ്ണാടക സ്വദേശികളാണ്. മേഖലയില്‍ രണ്ടു ദിവസമായി നിലനില്‍ക്കുന്ന കാറ്റിനും മഴയ്ക്കും താല്‍ക്കാലിക ശമനമുണ്ടായെന്നാണു വിവരം. ഈ സാഹചര്യത്തില്‍ ഉയരം കൂടിയ മേഖലകളായ സിമിക്കോട്ടിലെയും ഹില്‍സയിലേയും തീര്‍ഥാടകരെ കൂടുതല്‍ സുരക്ഷിതമായ നേപ്പാള്‍ഖഞ്ചിലെത്തിച്ചു യാത്ര പുനരാരംഭിക്കാനാണു സര്‍ക്കാരിന്റെ ശ്രമം.

തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളുമായി നേപ്പാള്‍ സൈന്യത്തിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകള്‍ ഉടന്‍ തിരിച്ചതായാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഇന്ത്യന്‍ പ്രതിനിധികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നേപ്പാളില്‍ കുടുങ്ങിയ തീർഥാടകര്‍ ആരോപിച്ചു. കാലാവസ്ഥ വീണ്ടും മോശമാകുന്ന സാഹചര്യത്തില്‍ നേപ്പാള്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. യാത്രപുനരാരംഭിച്ചതായും, ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.