Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നു; ലക്ഷ്യം സമ്പൂർണ ഡിജിറ്റൽ കേരളം

online-service

തിരുവനന്തപുരം ∙ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായ കേരളത്തെ സമ്പൂർണ ഡിജിറ്റലാക്കി മാറ്റുന്നതിനു നിലവിലുള്ള ഒറ്റപ്പെട്ട ഓൺലൈൻ ഡിജിറ്റൽ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആ‍ൻഡ് ഐടി മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ വിജ്ഞാന പോർട്ടലായ വികാസ്പീഡിയയുടെ നേതൃത്വത്തിലാണ് ഏകോപനം. കമ്പ്യൂട്ടർ രംഗത്തെ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്, നാഷനൽ ഇൻഫർമാറ്റിക് സെന്റർ എന്നിവ സംസ്ഥാന ഐടി മിഷനുമായി ചേർന്നാണു പ്രവർത്തനങ്ങൾ. ആദ്യപടിയായി വയനാട് എപിജെ  ഹാളിൽ സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാർക്കും ഡിജിറ്റൽ വോളന്റിയർമാർക്കുമുള്ള ശിൽപശാല നടക്കും.

ഡിജിറ്റൽ സാക്ഷരതാ പരിശീലനം, ബോധവൽക്കരണം,  ഐടി സപ്പോർട്ടിങ്, ഡിജിറ്റൽ പരിപാടികളുടെ സംഘാടനം, ഐടി ഡവലപ്മെന്റ്, സൈബർ സുരക്ഷ – സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിജിലൻസ് സെൽ, സോഷ്യൽ മീഡിയ, ഓൺലൈൻ സംയോജനം, ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, ഐടി ഇൻഫ്രാസ്ട്രക്ചർ തുടങ്ങി 10 മേഖലകളായി തിരിച്ചാണു വോളന്റിയർമാരുടെ പ്രവർത്തനം. ജൂലൈ നാലിന് ഏകദിന ശിൽപശാല കേന്ദ്രമന്ത്രി അൽഫോൻസ്  കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ശീറാം സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9656347995 എന്ന നമ്പറിൽ പേര് റജിസ്റ്റർ  ചെയ്യണം. 

അതേസമയം, 23 ഭാഷകളിലുള്ള പോർട്ടലിൽ പുതിയ വിവരദാതാക്കളുടെ എണ്ണവും പോർട്ടൽ സന്ദർശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തിൽ അനുദിന വർധനവാണ് ഉണ്ടാകുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളും സർവകലാശാലകളും സ്ഥാപനങ്ങളുമായി ചേർന്നാണു മലയാളം ഭാഷാ പോർട്ടലിന്റെ പ്രവർത്തനം. നിലവിൽ സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.