Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം – ബെംഗളൂരു ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കണം: മോദിക്ക് ഭീമ ഹർജി

Indian Railway

കൊച്ചി∙ തിരുവനന്തപുരം – ബെംഗളൂരു ട്രെയിൻ അടിയന്തരമായി സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു 1500 യാത്രക്കാർ ഒപ്പിട്ട ഭീമ ഹർജിയുമായി കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം. കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ട്രെയിനോടിക്കാൻ നടപടിയെടുക്കുമെന്നു ജൂണിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രെയിനോടിക്കേണ്ട റെയിൽവേ ബോർഡോ ദക്ഷിണ റെയിൽവേയോ അനങ്ങിയിട്ടില്ല.

2014ൽ പ്രഖ്യാപിച്ച 22657/58 തിരുവനന്തപുരം ബെംഗളൂരു കന്റോൺമെന്റ് ബൈവീക്ക്‌ലി ട്രെയിനാണ് നാലു വർഷം കഴിഞ്ഞിട്ടും ഒാടാത്തത്. സ്വകാര്യ ബസ് ലോബിയുടെ സമർദം മൂലം ട്രെയിനോടിക്കുന്നില്ലെന്ന നിൽക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ റെയിൽവേ ബോർഡ് സോണുകളുമായി ആശയവിനിമയം നടത്തിയെങ്കിലും ട്രെയിൻ ഒാടിച്ചിട്ടില്ല.

ഒാണാവധി വരാനിരിക്കെ ബസുകൾക്കു യാത്രക്കാരെ പിഴിയാനുള്ള അവസരമാണു െറയിൽവേ ട്രെയിനോടിക്കാതെ ഒരുക്കി നൽകുന്നതെന്നു ഫോറം സെക്രട്ടറി പി.ജി.വെങ്കിടേഷ് പറഞ്ഞു. കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്കു ട്രെയിൻ സ്ലീപ്പർ ടിക്കറ്റ് നിരക്ക് 345 രൂപ മാത്രമാണ്. എന്നാൽ ബസുകൾ 3000 മുതൽ 4000 രൂപ വരെയാണു ഉൽസവ സീസണുകളിലും വാരാന്ത്യങ്ങളിലും ഈടാക്കുന്നത്. വെളളിയാഴ്ച വൈകുന്നേരം ബെംഗളൂരുവിൽനിന്നും ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന തരത്തിലാണു 2014ൽ പ്രഖ്യാപിച്ച ട്രെയിന്റെ സമയക്രമം. ഈ ഒറ്റ കാരണത്താലാണു ട്രെയിൻ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നതെന്നു ഫോറം ആരോപിക്കുന്നു.

പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവു മൂലം ട്രെയിൻ ബെംഗളൂരു സ്റ്റേഷനിൽ വാങ്ങാൻ സാധിക്കില്ലെന്ന നിലപാടായിരുന്നു ഏറെക്കാലം ദക്ഷിണ പശ്ചിമ റെയിൽവേ സ്വീകരിച്ചിരുന്നത്. അതിനാൽ ട്രെയിൻ ബെംഗളൂരു വഴി മൈസൂരുവിലേക്കു ഒാടിക്കാൻ ആലോചിച്ചെങ്കിലും അതും നടന്നില്ല. പ്ലാറ്റ്ഫോം ഇല്ലെന്ന കാരണം നിരത്തി കേരളത്തിനു ട്രെയിൻ നിഷേധിച്ച ബെംഗളൂരു ഡിവിഷൻ 2014ന് ശേഷം 35 പുതിയ സർവീസുകൾ ബെംഗളുരുവിലെ വിവിധ സ്റ്റേഷനുകളിൽ നിന്നു ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ തിരക്കാണെങ്കിൽ യശ്വന്തപുരയിൽനിന്നു സർവീസ് ആരംഭിക്കാമെന്നാണു കേന്ദ്രമന്ത്രി രാജൻഗൊഹെയ്ൻ കേരളത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ചത്.

ഇതേത്തുടർന്നു റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേയോടും ദക്ഷിണ പശ്ചിമ റെയിൽവേയോടും അഭിപ്രായം ചോദിച്ചെങ്കിലും വേണമെങ്കിൽ ട്രെയിൻ പകലോടിക്കാമെന്ന നിലപാടാണു ദക്ഷിണ പശ്ചിമ റെയിൽവേ സ്വീകരിച്ചതെന്നാണ് ആക്ഷേപം. രാത്രികാല ട്രെയിൻ പകലോടിക്കാമെന്ന റെയിൽവേ ശുപാർശ ബസുടമകളെ സഹായിക്കാനാണെന്നു പകൽ പോലെ വ്യക്തമാണെന്നു ഫോറം പ്രസിഡന്റ് കെ.എസ്.ശ്രീജിത്ത് പറയുന്നു. ഏതെങ്കിലും ഘട്ടത്തിൽ വെളളിയാഴ്ചകളിൽ ട്രെയിനോടിക്കേണ്ടി വന്നാലും അതു യാത്രക്കാർക്കു ഉപകാരപ്പെടരുതെന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിൽ.

ട്രെയിൻ സർവീസ് തുടങ്ങേണ്ട ദക്ഷിണ റെയിൽവേ തുടക്കം മുതൽ ഈ വിഷയത്തിൽ സ്വീകരിക്കുന്ന തണുപ്പൻ നിലപാടും സംശയാസ്പദമാണ്. ട്രെയിന്റെ അറ്റകുറ്റപ്പണി കൊച്ചുവേളിയിൽ എടുക്കാതെ ബെംഗളൂരു ഡിവിഷന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ആദ്യം മുതൽ ദക്ഷിണ റെയിൽവേയും തിരുവനന്തപുരം ‍ഡിവിഷനും ശ്രമിച്ചിരുന്നത്. എങ്ങനെ ട്രെയിൻ അറ്റകുറ്റപ്പണി മറ്റാരുടെയെങ്കിലും തലയിൽ വച്ചു ജോലി കുറയ്ക്കാമെന്നാണു ദക്ഷിണ റെയിൽവേ എപ്പോഴും ചിന്തിക്കുന്നത്. അതാണ് സർവീസ് ആരംഭിക്കാൻ ഒരുഘട്ടത്തിലും ഡിവിഷനോ സോണോ മുന്നിട്ടിറങ്ങാതിരുന്നതെന്നാണു സൂചന.

രാജ്യത്തെ മിക്ക നഗരങ്ങളിൽനിന്നും ട്രെയിനുകളെത്തുന്ന ബെംഗളൂരു സിറ്റി സ്റ്റേഷനിൽനിന്നു തിരക്ക് കുറയ്ക്കാനെന്ന പേരിൽ കേരളത്തിൽനിന്നുളള രണ്ട് ട്രെയിനുകൾ മാത്രം ബാനസവാടിയിലേക്കു തട്ടിയതിനു പിന്നിലും ബസ് ലോബിയുടെ കളിയുണ്ടെന്നു യാത്രക്കാർ സംശയിക്കുന്നു. സാമൂഹിക വിരുദ്ധരുടെ അക്രമണം മൂലം ബാനസവാടിയിൽ പോയി ട്രെയിൻ കയറാൻ പലരും ധൈര്യപ്പെടുന്നില്ല. സ്റ്റേഷൻ മാറ്റിയതോടെ എറണാകുളം ബെംഗളൂരു ട്രെയിനുകളുടെ വരുമാനം ഇടിഞ്ഞതായി അധികൃതർ പറയുന്നു.

related stories