Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയായി സിസിടിവി വിഷ്വൽസ്; മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്നയും സുഹൃത്തും

എ.എസ്.ഉല്ലാസ്
Jesna Maria James

പത്തനംതിട്ട ∙ വെച്ചൂച്ചിറയിൽനിന്നു കാണാതായ ജെസ്നയെക്കുറിച്ചുള്ള അന്വേഷണത്തിൽ തെളിവുകൾ ഇല്ലാതെ വഴിമുട്ടി നിന്ന പൊലീസിന് സഹായകമായി നിർണായകമായ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മാർച്ച് 22നു വീട്ടിൽ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ എരുമേലിയിൽ രാവിലെ 10.30ന് ബസിൽ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജെസ്നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല.

എന്നാൽ, മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളിൽ ജെസ്നയെ കാണാൻ സാധിക്കുന്നുണ്ട്. ഇൗ ക്യാമറ ദൃശ്യങ്ങൾ നേരത്തേ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാൻഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജെസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്കു ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജെസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആൺ സുഹൃത്തിനെയും ചില സഹപാഠികൾ തിരിച്ചറിഞ്ഞു.

രാവിലെ ജെസ്ന ധരിച്ചിരുന്നത് ചുരിദാർ ആണെന്നാണ് എരുമേലിയിൽ കണ്ടവരുടെയും മറ്റും മൊഴി. എന്നാൽ, മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകൾ പ്രകാരം മുണ്ടക്കയത്ത് ജെസ്ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പൊലീസ് സംശയിക്കുന്നു. ഇനി ജെസ്ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും.

ചുരിദാർ മാറി ജീൻസ് ധരിച്ചത് എവിടെ വച്ച്? സുഹൃത്തിനെ മുണ്ടക്കയത്തു വച്ച് കണ്ടിരുന്നോ? അതിനുശേഷം ജെസ്ന അപ്രത്യക്ഷയായത് എങ്ങോട്ട്? എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇനി പൊലീസ് കണ്ടെത്താനൊരുങ്ങുന്നത്. ആ ദൃശ്യങ്ങളിലെ ബാക്കിയുള്ളവരെയും കണ്ടെത്തിയാൽ ഇതിന് ഉത്തരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ച് ചില സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ടെന്നും അതിനുശേഷമാകും മറ്റ് അന്വേഷണങ്ങളെന്നും അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖരൻ പറഞ്ഞു. നിർണായകമായ ഇൗ ദൃശ്യങ്ങൾ പൊലീസിന് പ്രതീക്ഷ നൽകുന്നുണ്ട്. അന്വേഷണത്തിന് പുതിയൊരു വഴി തുറന്നതിനാൽ കേസിൽ മുന്നോട്ടുപോകാനാകുമെന്നാണ് സംഘത്തിന്റെ ആത്മവിശ്വാസം.