Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനയ്ക്കു കൂടുതൽ ഫയറിങ് റേഞ്ചുകൾ, 228 കോടി അനുവദിച്ചു

Indian Army soldiers

ന്യൂഡൽഹി∙ കരസേനാംഗങ്ങൾക്കു വെടിവയ്പിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനു രാജ്യത്ത് വിവിധയിടങ്ങളിൽ 17 ചെറു ഫയറിങ് റേഞ്ചുകൾ സജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതിനായി 238 കോടി രൂപ മന്ത്രാലയം അനുവദിച്ചു. ഇതിൽ ഏഴെണ്ണം പുണെ ആസ്ഥാനമായുള്ള ദക്ഷിണ സേനാ കമാൻഡിനു കീഴിലായിരിക്കും. നിലവിലുള്ള 60 ചെറു ഫയറിങ് റേഞ്ചുകൾക്കു പുറമെയാണിത്. വെടിവയ്പ് പരിശീലനത്തിന് ആവശ്യമായ ഒഴിഞ്ഞ സ്ഥലം ലഭ്യമാക്കണമെന്ന കരസേനയുടെ ആവശ്യം അംഗീകരിച്ചാണു മന്ത്രാലയത്തിന്റെ നടപടി.

മറ്റു കമാൻഡുകൾക്കു കീഴിൽ ഒരുക്കുന്ന ഫയറിങ് റേഞ്ചുകളുടെ എണ്ണം:

∙ കിഴക്കൻ കമാൻഡ് (കൊൽക്കത്ത) – മൂന്ന്
∙ വടക്കൻ കമാൻഡ് (ഉധംപുർ, ജമ്മു കശ്മീർ) – രണ്ട്.
∙ ദക്ഷിണ പശ്ചിമ കമാൻഡ് (ജയ്പുർ), സെൻട്രൽ കമാൻഡ് (ലക്നൗ) – ഒന്നു വീതം.

ബാക്കി മൂന്നെണ്ണം എവിടെ വേണമെന്നു പിന്നീടു തീരുമാനിക്കും. 500 ഏക്കറിലുള്ള സാധാരണ ഫയറിങ് റേഞ്ചുകളെ അപേക്ഷിച്ചു ചെറിയ സ്ഥലത്തു (50 ഏക്കർ) സജ്ജമാക്കുന്ന റേഞ്ചുകൾക്കാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ജനവാസ മേഖലയിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിലാവും ഇവ സജ്ജമാക്കുക. പരിശീലനത്തിനിടെ ബുള്ളറ്റ് കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ റേഞ്ചുകൾ പൂർണമായി കെട്ടിമറയ്ക്കും.