Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙  സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമാകണമെന്നു സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്‌സും ചേര്‍ന്നു വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കുമായി ടൂറിസം പൊലീസിനു വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയില്‍ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോടു ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാർത്ഥ്യമാക്കാൻ ടൂറിസം പൊലീസിന്റെ ഇടപെടൽ ഉപകരിക്കും.

ടൂറിസം നയത്തിന്റെ ഭാഗമായി വിപുലമായ മാറ്റങ്ങളാണ് ടൂറിസം മേഖലയിൽ ഈ സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്കു യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം നയം സമയബന്ധിതമായി നടപ്പിലാക്കുകയെന്നതാണു ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു. കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കു മികച്ച അനുഭവങ്ങള്‍ പ്രധാനം ചെയ്യുകയെന്നതാണു വകുപ്പിന്റെ ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍, ക്ലീന്‍, സേഫ് എന്നീ മൂന്ന് കാര്യങ്ങള്‍ നടപ്പാക്കും, ഇതില്‍ പ്രഥമ മുന്‍ഗണന സുരക്ഷതത്വത്തിനാണ്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും റാണി ജോര്‍ജ് പറഞ്ഞു.

ചടങ്ങില്‍ ടൂറിസം രംഗത്തെ മികച്ച ഇന്റിസ്റ്റ്യൂറ്റിനായി കിറ്റ്‌സിനു ലഭിച്ച യുഎന്‍ഡബ്ലയുടിഒയുടെ പുരസ്‌കാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന് കൈമാറി.

ആറു ബാച്ചുകളിലായി 161 ടൂറിസം പൊലീസുകാരണ് പരിശീലനം നേടിയത്. വിജയകരമായി പരിശീലനം പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശ്രീ. പി ബാലകിരണ്‍ ഐഎഎസ്, ഐ.ജി. പി. വിജയന്‍ ഐപിഎസ്, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, അറ്റോയ് പ്രസിഡന്റ് അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

related stories