Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശ യാത്രികർക്ക് അരങ്ങൊരുക്കി ഐഎസ്ആർഒ; ക്യാപ്സൂൾ പരീക്ഷണം വിജയം

ISRO-Capsule ഐഎസ്ആർഒ രക്ഷാപേടക ദൗത്യവുമായി(ക്യാപ്സൂൾ) റോക്കറ്റ് പറന്നുയരുന്നു (ഇടത്) ക്യാപ്സൂൾ വിജയകരമായി സമുദ്രത്തിലേക്കിറക്കുന്നു (വലത്)

ന്യൂഡൽഹി∙ ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ദൗത്യത്തിൽ നിർണായകഘട്ടം പിന്നിട്ട് ഇന്ത്യൻ സ്പെയ്സ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ബഹിരാകാശ‌ത്തുനിന്നു യാത്രികരെ തിരികെ സുരക്ഷിതരായി ‘ലാൻഡ്’ ചെയ്യുന്നതിനു സഹായിക്കുന്ന പേടകത്തിന്റെ (ക്യാപ്സൂൾ) പരീക്ഷണത്തിലാണ് ഐഎസ്ആർഒ വിജയം കണ്ടത്. യാത്രയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്ന ‘പാഡ് അബോർട്ട്’ സിസ്റ്റത്തിന്റെ (ക്രൂ എസ്കേപ് സിസ്റ്റം ടെക്നോളജി ഡെമൺസ്ട്രേറ്റർ) ഉപയോഗമാണു ശ്രീഹരിക്കോട്ടയിൽ നിന്നു പരീക്ഷിച്ചതെന്ന് ചെയർമാൻ കെ.ശിവൻ അറിയിച്ചു. 

യഥാർഥ മനുഷ്യനു പകരം അതേ വലുപ്പത്തിലുള്ള കൃത്രിമ മാതൃകയാണ് ക്യാപ്സൂളിനകത്ത് ഉപയോഗിച്ചത്. റോക്കറ്റ് എൻജിനുമായി ഘടിപ്പിച്ച ക്യാപ്സൂൾ വ്യാഴാഴ്ച രാവിലെ ഏഴോടെ പറന്നുയർന്നു. ആകാശത്തെത്തിയ ശേഷം ക്യാപ്സൂൾ എൻജിനിൽനിന്നു വിട്ടുമാറി. അൽപനേരം നിന്നതിനു ശേഷം ഇതു താഴേക്കു പതിച്ചു. അതിനിടെ പാരച്യൂട്ട് ഓട്ടമാറ്റിക്കായി വിന്യസിക്കപ്പെടുകയും ക്യാപ്സൂൾ സുരക്ഷിതമായി കടലിൽ ഇറക്കുകയുമായിരുന്നു. 

259 സെക്കൻഡ് നേരം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിൽ നേരത്തേ നിശ്ചയിച്ച സ്ഥലത്തു തന്നെയായിരുന്നു ക്യാപ്സൂൾ ഇറങ്ങിയത്. ബഹിരാകാശ യാത്രികരുമായുള്ള യാത്രയിൽ നിർണായകമാണ് ഇത്തരത്തിലുള്ള രക്ഷാദൗത്യം. റോക്കറ്റ് ആകാശത്തെത്തിയ ശേഷം ക്യാപ്സൂൾ വിട്ടുപോരുന്ന രീതിയാണു നിലവിൽ പരീക്ഷിച്ചത്. യാത്രയ്ക്കിടയിൽത്തന്നെ ക്യാപ്സൂൾ വിട്ടുപോരുന്ന പരീക്ഷണമാണ് അടുത്തതെന്നും കെ.ശിവൻ വ്യക്തമാക്കി. വരുംനാളുകളിൽ ബഹിരാകാശ യാത്രയ്ക്കിടയിലെ ജീവൻരക്ഷാ മാര്‍ഗങ്ങൾ ഉൾപ്പെടെയുള്ളവ പരീക്ഷിക്കാനാണ് ഐഎസ്ആർഒ നീക്കം.

1962നു ശേഷം ഇന്ത്യ ബഹിരാകാശ യാത്രികരുമായുള്ള ദൗത്യം സംബന്ധിച്ച ഗവേഷണത്തിനു സജീവമായി ശ്രമിച്ചിട്ടില്ല. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതുവരെ ബഹിരാകാശത്തേക്കു യാത്രികരുമായി സ്വന്തം ദൗത്യം നടത്തിയിരിക്കുന്നത്. വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമ 1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയനുമായുള്ള ഇന്ത്യയുടെ ‘ഇന്റർകോസ്മോസ്’ പദ്ധതി പ്രകാരമായിരുന്നു ആ യാത്ര.

related stories