Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവതിയുടെ പണം തട്ടിയ ‘വില്ലൻ’ ഡൽഹിയിൽ, അന്വേഷിച്ചെത്തിയ പൊലീസ് സംഘം നേരിട്ടത്...!

ഉല്ലാസ് ഇലങ്കത്ത്
Cyber-Theft-Delhi-Fraud അറസ്റ്റിലായ സുരേഷ് (ഇടത്)

തിരുവനന്തപുരം∙ കവടിയാര്‍ സ്വദേശിനിയില്‍നിന്ന് 25,000 രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകാരനെ സൈബര്‍ പൊലീസ് ഡല്‍ഹിയില്‍ സാഹസികമായി അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിയും ഡല്‍ഹിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പു കുടിയേറിയ ആളുമായ സുരേഷിനെയാണ് പൊലീസ് പിടികൂടിയത്. പതിനായിരത്തോളം മൊബൈല്‍ രേഖകള്‍ പരിശോധിച്ചും ബാങ്ക് ഉദ്യോഗസ്ഥരായും പച്ചക്കറി കച്ചവടക്കാരായും വേഷം മാറിയാണ് അന്വേഷണ സംഘം തട്ടിപ്പുകാരിലേക്കെത്തിയത്. 

കവടിയാര്‍ സ്വദേശിനിയുടെ 25,000 രൂപയാണ് രണ്ടു മാസം മുന്‍പ് നഷ്ടപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡിന് 25,000 രൂപ ബോണസ് പോയിന്റ് ലഭിച്ചെന്നും ഈ തുക ലഭിക്കാന്‍ ഒടിപി നമ്പര്‍ നല്‍കണമെന്നുമാണ് ബാങ്കിന്റെ കോള്‍ സെന്ററില്‍നിന്ന് വിളിക്കുന്നു എന്ന് അവകാശപ്പെട്ടയാള്‍ പറഞ്ഞത്. ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഇടപാടുകാരി വിശ്വസിച്ചു. ഒടിപി നമ്പര്‍ നല്‍കിയതോടെയാണു പണം നഷ്ടമായത്.

∙പച്ചക്കറി കച്ചവടക്കാരായി പൊലീസുകാര്‍

കവടിയാര്‍ സ്വദേശിനിക്കു വന്ന ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ സൈബര്‍ സംഘം ശേഖരിച്ചു. ഇതു ഉപയോഗിച്ച് അന്വേഷിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വിവരം ലഭിച്ചില്ല. ഇ–വോലറ്റ് എടുക്കാന്‍ ഉപയോഗിച്ച ഇ–മെയില്‍ ഐഡിയും ഫോണ്‍ നമ്പരുമെല്ലാം വ്യാജമായിരുന്നു. ഉപയോഗിക്കുന്ന സിമ്മുകളെല്ലാം വ്യാജ മേല്‍വിലാസത്തിലുള്ളത്. ഐഎംഇഐ നമ്പരുകള്‍ പരിശോധിച്ചാണ് സംഘം ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹി സെക്ടര്‍ ആറിലെയും ഏഴിലേയും കോളനി പ്രദേശത്തായിരുന്നു നിരീക്ഷണത്തിലുള്ള ഒരു ഫോണിന്റെ ടവര്‍ ലൊക്കേഷന്‍. 

പൊലീസുകാരില്‍ ചിലര്‍ കോളനിയുടെ മുന്‍വശത്തെ തെരുവില്‍ പച്ചക്കറിക്കച്ചവടക്കാരായി. ഒരാള്‍ ബാങ്ക് ഉദ്യോഗസ്ഥനായി. ഒരു സ്വകാര്യ ബാങ്കിന്റെ എടിഎം കാര്‍ഡിന്റെ പ്രചാരണത്തിനെന്ന പേരില്‍ കോളനിയില്‍ കയറി വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി നിരീക്ഷിച്ച് ആളുകളെ ഉറപ്പിച്ചു. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെ സംഘത്തിന്റെ നീക്കങ്ങള്‍ നീരീക്ഷിച്ചശേഷം കോളനിക്ക് പുറത്തെത്തിച്ചായിരുന്നു അറസ്റ്റ്. തട്ടിയെടുക്കുന്ന പണം ഇ–വോലറ്റ് വഴി വ്യാജ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിന്നീട് എടിഎം വഴി പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.

∙ തട്ടിപ്പ് പരിശീലിപ്പിക്കാന്‍ കോള്‍ സെന്റര്‍

രണ്ടുലക്ഷത്തോളം പേര്‍ താമസിക്കുന്ന കോളനിക്കുള്ളില്‍ തട്ടിപ്പിനായി ഒരു ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതായി സൈബര്‍ സംഘം പറയുന്നു. ഡല്‍ഹിപൊലീസ് പോലും ഇങ്ങോട്ട് കയറാറില്ല.  ഉപഭോക്താക്കളുടെ ബാങ്ക്് വിവരങ്ങള്‍ ചോരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ക്ക് നാല് രൂപയാണ് തട്ടിപ്പു സംഘം നല്‍കിയിരുന്നത്.

വ്യാജ അക്കൗണ്ടിന് 45,000 മുതൽ 50,000 രൂപ വരെയും ഈടാക്കും. വ്യാജ സിം കാർഡിന് 450 മുതൽ 1000 രൂപ വരെയും.നോയിഡയിലും ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലുമുള്ള കോള്‍ സെന്ററുകളില്‍ തട്ടിപ്പുക്കാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. കേരളത്തിലുള്ള ആളെയാണ് വിളിക്കുന്നതെങ്കില്‍ ചെന്നൈയിലെ കോള്‍ സെന്ററില്‍ നിന്നാണെന്നു പറയും.

തമിഴ് ചുവയുള്ള സംസാര രീതിയായിരിക്കും. ആന്ധ്ര സ്വദേശിയെയാണ് വിളിക്കുന്നതെങ്കില്‍ തെലുങ്ക് കലര്‍ന്ന സംസാര രീതിയായിരിക്കും. പണം അക്കൗണ്ടിലേക്ക് വന്നയുടനെ സംഘം അതു പിന്‍വലിക്കും. കുപ്രസിദ്ധമായ കോളനികളിലാണ് താമസം. ഡൽഹി സെക്ടർ 6, ഏക്ത കോളനി, ആർകെ പുരം സെക്ടർ 7, ആർകെ പുരം, മുനിർക വില്ലേജ്, സൗത്ത് വെസ്റ്റ് ഡൽഹി എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. അവിടെയുള്ള എടിഎമ്മുകളില്‍നിന്നു മാത്രമേ പണം പിന്‍വലിക്കൂ.

വൈകിട്ട് മാത്രമേ കോളനികൾക്കു പുറത്തിറങ്ങൂ. സംഘത്തിലെ രണ്ടുപേരെ കൂടി ഇനി പിടികൂടാനുണ്ട്. സുരേഷിനെ പട്യാല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതി പ്രകാരം ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നിർദേശമനുസരിച്ചാണ് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സൈബര്‍ പൊലീസ് സ്റ്റേഷന്‍ സിഐ എന്‍.ബിജു, എസ്ഐ രതീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനു അനീഷ് കുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.