Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ബിജെപിയെ പിടിച്ചുലച്ച് ബിറ്റ്കോയിൻ ഇടപാട്: ആരോപണവുമായി കോൺഗ്രസ്

BITCOIN

അഹമ്മദാബാദ്∙ ബിജെപി നേതാക്കളുടെ സഹായത്തോടെ ഗുജറാത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ബിറ്റ്കോയിൻ ഇടപാടിലൂടെ 5,000 കോടിയുടെ വൻ അഴിമതിയാണു നടത്തിയതെന്നു കോൺഗ്രസ് വക്താവ് ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു.

സൂറത്തിലെ വ്യവസായികളുടെ മറവിൽ മുൻ ബിജെപി എംഎൽഎയാണ് അഴിമതിയുടെ സൂത്രധാരൻ. എന്നാൽ പൊലീസ് ഇതിനെതിരെ മൗനം പാലിക്കുകയാണ്. അതിനാൽ സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നു ശക്തിസിൻഹ് ആവശ്യപ്പെട്ടു.

‘നോട്ടു നിരോധനത്തിന്റെ മറവിൽ ബിജെപി കോടികളുടെ കള്ളപ്പണമാണു വെളുപ്പിച്ചത്. ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലൂടെ അതു തുടരുകയാണ്. സർക്കാർ കേന്ദ്രങ്ങളെ ഉപയോഗിച്ചു ഹവാല ഇടപാടുകൾ നടത്തുകയെന്നതു ബിജെപിയുടെ നയമായി മാറിക്കഴിഞ്ഞു’– അദ്ദേഹം പറഞ്ഞു.

എന്നാൽ കോണ്‍ഗ്രസിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. നുണകൾ പ്രചരിപ്പിക്കുകയെന്ന പ്രതിപക്ഷ പാർട്ടിയുടെ വൃത്തിക്കെട്ട തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നു ബിജെപി വക്താവ് അനിൽ ബലുനി പറഞ്ഞു. കോൺഗ്രസിന്റെ ആരോപണങ്ങൾ വെറും പ്രഹസനമാണ്. ഈ കേസ് പുറത്തു കൊണ്ടുവന്ന പൊലീസിനെ അവഹേളിക്കുന്നതിനു തുല്യമാണിത്. ചിലരെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

related stories