Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിലെ ഭക്ഷണം പാകം ചെയ്യുന്നത് തൽസമയം; അടുക്കളകളെ ‘ഡിജിറ്റലാക്കി’ റെയിൽവേ

INDIA RAIL

ന്യൂഡൽഹി ∙ പരാതികളും ആരോപണങ്ങളും തുടർക്കഥയായതോടെ അടുക്കളകളെ ‘ഡിജിറ്റലാക്കി’ ഇന്ത്യൻ റെയിൽവേ. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ബുധനാഴ്ച മുതൽ അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചു. വിഡിയോയിലൂടെ യാത്രക്കാർക്ക് പ്രധാന അടുക്കളകളുടെ വൃത്തി പരിശോധിക്കാന്‍ അവസരം നൽകുന്നതാണു നടപടി.

ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന ആഹാര പദാർത്ഥങ്ങൾ മനുഷ്യ ഉപയോഗത്തിനു യോഗ്യമല്ലെന്ന സർക്കാർ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെ തുടർന്നാണ് റെയിൽവേ ഈ മാർഗം സ്വീകരിച്ചത്. പാചകത്തിനായി ശുചിമുറിയിൽനിന്നു വെള്ളമെടുക്കുന്നതുൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ സമീപകാലത്തു റെയിൽവേക്കെതിരെ ഉയർന്നിരുന്നു. പാറ്റയും എലിയും ഓടി നടക്കുന്ന റെയിൽവേ അടുക്കളകൾ പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. ഇത്തരം ആരോപണങ്ങളിൽനിന്നു യാത്രക്കാർക്കുണ്ടായ ഭയം മാറ്റുന്നതിനും റെയിൽവേയുടെ മുഖംമിനുക്കലും ലക്ഷ്യമിട്ടുമുള്ളതാണു പുതിയ നീക്കം.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ‌ പാചകവും പൊതിയലുമുൾപ്പടെയുള്ള ഘട്ടങ്ങളിൽ സുതാര്യത ഉറപ്പു വരുത്താനും പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനും നടപടി സഹായകരമാണെന്നു റെയിൽവേ പാചകവിഭാഗം ട്വീറ്റ് ചെയ്തു. ട്രെയിനിലെ ശുചിമുറിയിൽനിന്നു വെള്ളമെടുത്തു ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു റെയിൽവേക്കെതിരെ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെ സിഎജി റിപ്പോർട്ടിൽ ട്രെയിനുകളിലെ ഭക്ഷണം മനുഷ്യ ഉപയോഗത്തിനു യോഗ്യമില്ലെന്ന പരാമർശമുണ്ടായത്. ഇതോടെ പല യാത്രക്കാരും ട്രെയിനിലെ ഭക്ഷണം വാങ്ങാൻ മടി കാണിക്കുകയും ചെയ്തു.

related stories