Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കേസ്: നവാസ് ഷെരീഫിന് പത്തുവർഷം തടവ്

Nawaz-Sharif നവാസ് ഷെരീഫ്.

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവർഷം തടവ്. മകൾ മറിയത്തെ ഏഴു വർഷത്തേക്കും ശിക്ഷിച്ചു. മരുമകൻ മുഹമ്മദ് സഫ്ദറിന് ഒരു വർഷമാണ് തടവ് വിധിച്ചിരിക്കുന്നത്. ഷെരീഫിന് എട്ട് മില്യൺ പൗണ്ടും മറിയത്തിന് രണ്ടു മില്യണ്‍ പൗണ്ടും പിഴ വിധിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. നിലവിൽ ഇരുവരും ലണ്ടനിലാണ്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ സുപ്രീംകോടതി അയോഗ്യത കൽപിച്ചതിനെ തുടർന്ന് 2017 ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. സുപ്രീം കോടതി വിധിയെത്തുടർന്നു 2017 സെപ്റ്റംബർ എട്ടിനാണു ഷെരീഫിനും മക്കൾക്കും മരുമകനുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തത്. ഷെരീഫിനും മക്കളായ ഹുസൈൻ, ഹസൻ, മകൾ മറിയം, മകളുടെ ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവർക്കെതിരെയായിരുന്നു കേസ്.

രഹസ്യസമ്പാദ്യം തുറന്ന് പാനമ രേഖകൾ

കഴിഞ്ഞവർഷം, വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ അനധികൃത രഹസ്യ വിദേശ നിക്ഷേപങ്ങൾ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിൽ ഷരീഫിന്റെയും മക്കളായ ഹസൻ, ഹുസൈൻ, മറിയം എന്നിവരുടെയും വിദേശ നിക്ഷേപ വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ലണ്ടനിൽ കണ്ണായ സ്ഥലത്തു വാങ്ങിയ മൂന്നു ഫ്ലാറ്റുകൾ അടക്കമുള്ള വിദേശ നിക്ഷേപങ്ങൾ നവാസ് ഷരീഫിന്റെ പ്രഖ്യാപിത സ്വത്തുരേഖയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന്റെ സ്രോതസ്സുകൾ ഹാജരാക്കാനും ഷരീഫിനു കഴിഞ്ഞില്ല.