Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്പതികൾക്കെതിരായ രാസായുധാക്രമണം: റഷ്യയെ സംശയിച്ച് ബ്രിട്ടൻ; മാപ്പു പറയേണ്ടിവരുമെന്ന് റഷ്യ

nerve-agent-attack ബ്രിട്ടിഷ് ദമ്പതികൾക്കുനേരെ ആക്രമണമുണ്ടായ പ്രദേശം പൊലീസ് കെട്ടിത്തിരിച്ചു സുരക്ഷ ഒരുക്കിയിരിക്കുന്നു.

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന റഷ്യൻ ഇരട്ടചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിനു സമാനമായി ബ്രിട്ടിഷ് ദമ്പതികൾക്കു നേരേ കഴിഞ്ഞദിവസം ഉണ്ടായ രാസായുധാക്രമണത്തിനു പിന്നിലും റഷ്യയാണെന്നു സംശയിച്ചു ബ്രിട്ടൻ. ബ്രിട്ടിഷ് ഹോം സെക്രട്ടറി സാജിദ് ജാവേദാണ് ഇന്നലെ പാർലമെന്റിൽ റഷ്യൻ ഇടപെടൽ സുവ്യക്തമാണെന്ന തരത്തിൽ പ്രഖ്യാപനം നടത്തിയത്.

Read more at: മസ്തിഷ്കം തകർത്ത് മനുഷ്യനെ ‘പ്രേതമാക്കുന്ന’ രാസായുധം വീണ്ടും; ബ്രിട്ടൻ ഭീതിയിൽ

മനപൂർവം ആണെങ്കിലും അല്ലെങ്കിലും ബ്രിട്ടനിലെ തെരുവിലും പാർക്കിലും പട്ടണങ്ങളിലും അവർ വിഷവസ്തുക്കൾ വിതറുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ജാവേദിന്റെ പ്രഖ്യാപനം. സ്ക്രിപാലിനും മകൾക്കും നേരെ പ്രയോഗിച്ച നൊവിചോക്ക് എന്ന നെർവ് ഏജന്റ് തന്നെയാണോ ദമ്പതികൾക്കുനേരെയും പ്രയോഗിക്കപ്പെട്ടത് എന്നകാര്യം ശാസ്ത്രജ്ഞരും പൊലീസും പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബ്രിട്ടിഷ് ആരോപണങ്ങൾ തള്ളിക്കളഞ്ഞ റഷ്യ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുള്ള കളികൾ തെരേസ മേയ് സർക്കാർ നിർത്തണമെന്ന് ആവശ്യപ്പെട്ടു. സ്ക്രിപാലിനും മകൾക്കും നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അന്വേഷണത്തോടു സഹകരിക്കാൻ നിരവധിത്തവണ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ഈ ഓഫറുകൾ ബ്രിട്ടൻ നിരസിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ചു ബ്രിട്ടൻ മാപ്പു പറയേണ്ടിവരുമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാക്കറോവ പ്രതികരിച്ചു.

ശനിയാഴ്ച വിൽറ്റ്ഷെയറിനു സമീപം ആംസ്ബെറിയിലായിരുന്നു ചാർലി റോവ്ലി (45), ഡോൺ സ്റ്റർജസ് (44) എന്നീ ദമ്പതികൾക്കു വിഷപ്രയോഗമേറ്റത്. അബോധാവസ്ഥയിലായ ഇരുവരും ഗുരുതരാവസ്ഥയിലാണ്. വിഷബാധയേറ്റ ഇരുവരെയും സ്വന്തം വീട്ടിനുള്ളിലാണ് അവശനിലയിൽ കാണപ്പെട്ടത്. സ്ക്രിപാലിനും മകൾ യൂലിയയ്ക്കും വിഷപ്രയോഗമേറ്റ സ്ഥലത്തുനിന്നു കേവലം 16 കിലോമീറ്റർ അകലെയാണ് ഇവരുടെ വീട്. സ്ക്രിപാലിനു നേരെ പ്രയോഗിച്ച റഷ്യൻ നിർമിത നെർവ് ഏജന്റായ നോവിചോക്ക് തന്നെയാണ് ദമ്പതികൾക്കുനേരെയും പ്രയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മാർച്ച് നാലിനായിരുന്നു സ്ക്രിപാലിനും മകൾക്കും നേരേ നേർവ് ഏജന്റ് ആക്രമണം ഉണ്ടായത്. അമേരിക്കയ്ക്കും ബ്രിട്ടനും വേണ്ടി ചാരപ്പണി ചെയ്ത റഷ്യൻ ചാരനായ സ്ക്രിപാലിനെയും മകളെയും ബ്രിട്ടൻ അഭയം നൽകി താമസിപ്പിച്ചിരിക്കുകയായിരുന്നു. നോവിചോക് എന്ന വിഷവസ്തുവേറ്റാണ് ഇവർ അബോധാവസ്ഥിയിലായതെന്നു പിന്നീട് വ്യക്തമായി.

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തതാണു നോവിചോക്ക് എന്ന അതിമാരകമായ വിഷവസ്തു. മസ്തിഷ്കത്തിലെ നാഡീവ്യൂഹത്തെ അപ്പാടെ തളർത്തുന്ന വിഷമാണിത്.

ഈ സംഭവത്തെത്തുടർന്ന് റഷ്യ - ബ്രിട്ടൻ നയതന്ത്രബന്ധം മുമ്പെങ്ങുമില്ലാത്തവിധം മോശമായിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുക പോലും ചെയ്തു. റഷ്യൻ ബിസിനസുകാർക്കു ബ്രിട്ടനിൽ വീസ നിഷേധിക്കുന്ന വിധത്തിലേക്കുപോലും വളർന്ന വൈരം അൽപമൊന്നു ശമിച്ചുവരവേയാണ് ഇപ്പോഴത്തെ പുതിയ സംഭവം. വരുംദിവസങ്ങളിൽ ഇത് യൂറോപ്പിൽ കൂടുതൽ അശാന്തിയുടെ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.  

related stories