Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഫോൺ കോൾ എടുക്കരുത്, പണം പോകും: മുന്നറിയിപ്പുമായി പൊലീസ്

Kerala-Police-Alert കേരള പൊലീസിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉൾപ്പെടെ വിദേശത്തു നിന്നു തട്ടിപ്പു കോൾ പ്രളയം. പണം പോയവരിൽ ഉന്നത ഉദ്യോഗസ്ഥർമാർ മുതൽ കോൺസ്റ്റബിൾമാർ വരെയുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച തട്ടിപ്പു തിരിച്ചറിഞ്ഞതാകട്ടെ, വൈകിട്ടും. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ തന്നെ മുന്നറിയിപ്പു നൽകി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിർദേശമെത്തി. 

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാർജ് ബാലൻസ് കുത്തനെ താണു. മിസ്ഡ് കോൾ ഗൗനിക്കാത്തവർക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റൻഡു ചെയ്തവർക്ക് ഇംഗ്ലിഷിൽ പച്ചത്തെറി കേൾക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റൻഡു ചെയ്തവർക്കും ഫോണിൽ നിന്നു പണം നഷ്ടപ്പെട്ടതായി പൊലീസുകാർ പറഞ്ഞു. 

സംശയകരമായ നമ്പറുകളിൽ നിന്ന് ഒട്ടേറെ പേർക്കു കോളുകൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളിൽ തുടങ്ങുന്നവയിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്. ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.