Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മതത്തോടെയുളള ലൈംഗികത കുറ്റമല്ലല്ലോ? അവനും മനുഷ്യനല്ലേ?: സഞ്ജന

anand-jon-family സഹോദരി സഞ്ജനയ്ക്കും അമ്മ ശശി ജോണിനുമൊപ്പം ആനന്ദ് ജോൺ. ചിത്രം: മനോരമ

ഹൃദയത്തിൽ സങ്കടങ്ങളുടെ വേലിയേറ്റം അലയടിക്കുമ്പോഴും ആത്മവിശ്വാസത്തോടെ തലയുർത്തി നിൽക്കുന്നു ആനന്ദ് ജോൺ. അല്ലെങ്കിലും ആത്മാവു ചോരാത്ത നോട്ടം കൊണ്ടാണല്ലോ മുന്നിലിരിക്കുന്ന അനേകായിരങ്ങളെ ഫാഷൻ മോഡലുകൾ കീഴടക്കുക!

പന്ത്രണ്ടു വർഷത്തോട് അടുക്കുന്ന തടവുജീവിതം തീർത്ത വേദനകൾ  ഉള്ളിലിട്ട്, സഹോദരി സഞ്ജനയ്ക്കും അമ്മ ശശി ജോണിനുമൊപ്പം നിൽക്കുന്ന ആനന്ദ് ജോണിന്റെ ചിത്രം മനോരമ ഓൺലൈനു ലഭിച്ചു. ആനന്ദിന്റെ കുടുംബാംഗങ്ങൾ പലപ്പോഴായി ജയിൽ സന്ദർശിച്ചപ്പോൾ എടുത്തതാണ് ഈ ചിത്രങ്ങൾ.

Read: ആനന്ദ് ജോണിന്റെ മോചനം: കുരുക്കഴിയാത്തതിനു വംശീയതയും കാരണം? സഹായം തേടി സഹോദരി 

ഫാഷൻ ലോകത്ത് സൂപ്പർ മോഡലായും ഡിസൈനറായും തിളങ്ങിയ ആനന്ദ്, നാൽപ്പത്തിയൊന്നാം വയസ്സിലും സുന്ദരൻ. ചിത്രം ജയിലിലേതാണെന്നു തോന്നിക്കുന്നത് പാന്റ്സിലെ ‘സിഡിസി പ്രിസണർ’ എന്ന അടയാളം മാത്രം. 1976ൽ കോട്ടയം മല്ലപ്പള്ളിയിൽ ജനിച്ച ആനന്ദ് ജോൺ, ഞൊടിയിടയിലാണു ലോകമറിയുന്ന ഫാഷൻ ഡി‌സൈനറായി മാറിയത്.

anand-with-mother-and-sister സഹോദരി സഞ്ജനയ്ക്കും അമ്മ ശശി ജോണിനുമൊപ്പം ആനന്ദ് ജോൺ. ചിത്രം: മനോരമ

ലോകത്തിലെ മികച്ച പത്ത് ആകര്‍ഷണീയതയുള്ള പുരുഷന്മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് 2007 മുതലാണ് പലരുടെയും നോട്ടപ്പുള്ളിയാകുന്നതും പീഡനക്കുറ്റത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടതും. ആരോപണങ്ങളെല്ലാം മറ്റുപലകാരണങ്ങളുടെ പേരിൽ കെട്ടിച്ചമച്ചതാണെന്ന ആരോപണം തുടക്കം മുതലുണ്ട്. അന്നുമുതൽ ഇന്നോളം ആനന്ദിന്റെ മോചനത്തിനു വേണ്ടി അലയുകയാണു സഹോദരിയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സഞ്ജന ജോൺ. 

സഹോദരി സഞ്ജനയ്ക്കും അമ്മ ശശി ജോണിനുമൊപ്പം ആനന്ദ് ജോൺ. ചിത്രം: മനോരമ

ഡൽഹിയിലെത്തിയ അവരോടു ചോദിച്ചു, ജയിലിൽ കാണാൻ ചെല്ലുമ്പോൾ ആനന്ദ് എന്താണ് പറയാറുള്ളതെന്ന്. ഇതാണ് ആ മറുപടി: ‘ഞാനവനുസഹോദരി മാത്രമായിരുന്നില്ല. ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങളെ തനിച്ചു വളർത്തിയ ആളായിരുന്നു അമ്മ. അതുകൊണ്ടു തന്നെ ചെറുപ്പം മുതലെ ഞാനായിരുന്നു ഗൃഹനാഥ. അവനെ എനിക്ക് അറിയാം. നല്ലൊരു മനുഷ്യൻ എന്നല്ല, നല്ലൊരു ഹൃദയമുള്ള വ്യക്തി എന്നാണു പറയേണ്ടത്. അവനാരെയും വഞ്ചിച്ചിട്ടില്ല. കാണാൻ ചെല്ലുമ്പോഴെല്ലാം ആവർത്തിക്കുന്നത് ഒരേയൊരു കാര്യമാണ്. അവർ എന്നെ കുടുക്കിയതാണ്.

അവനോട് ഇഷ്ടം കൂടിയ, അവരുടെ കൂടി താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം ഉണ്ടായിട്ടുണ്ടാവാം. അവിടെ ഫാഷൻ രംഗം അങ്ങനെയായിരുന്നു. എല്ലാവരെയും പോലെ തന്നെ അവനും മനുഷ്യനല്ലേ? ഏതെങ്കിലും ലഹരി നല്‍കിയോ കൈകള്‍ കെട്ടിയോ ഒന്നും അവൻ  ആരുമായും ലൈംഗിക ബന്ധം നടത്തിയിട്ടില്ല. അതിനാല്‍ തന്നെ താല്‍പര്യമില്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാമായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത കുറ്റമല്ലല്ലോ? ഇക്കാര്യം ആനന്ദ് സമ്മതിച്ചിട്ടുണ്ട്. കേസുകൾ പിൻവലിക്കപ്പെട്ടില്ലേ? പരാതിക്കാർ പിന്മാറിയില്ലേ? പരാതിക്കാരികളായ പെൺകുട്ടികൾക്ക് അവർ ആഗ്രഹിച്ചതു പോലെ പണവും പ്രശസ്തിയുമെല്ലാം കൈവന്നില്ലേ?

anand-with-family സഹോദരി സഞ്ജനയ്ക്കും അമ്മ ശശി ജോണിനുമൊപ്പം ആനന്ദ് ജോൺ. ചിത്രം: മനോരമ

ഇനിയും എന്തിനാണു ഞങ്ങളുടെ സർവസ്വവുമായ അവനെ മാത്രം ജയിലിലടച്ചിരിക്കുന്നത്. അമേരിക്കക്കാരുടെ വംശവെറിക്കും ഫാഷൻ ലോകം അടക്കിവാണ ചിലരുടെ അസൂയയ്ക്കും ഇരയായി അവന്റെ ജീവിതത്തിലെ പന്ത്രണ്ടുവർഷം ജയിലിൽ കഴിച്ചുകൂട്ടി. ഇനിയും ഈ ക്രൂരത വേണോ? 59 വർഷത്തേക്കാണു തടവുശിക്ഷ. അമേരിക്കയിലെ ചിലരുടെ താൽപര്യങ്ങൾക്ക് ഇരയായി പോയ ഞങ്ങളുടെ ആനന്ദിനെ മോചിപ്പിക്കാൻ രാഷ്ട്രീയക്കാരോ ഭരണാധികാരികളോ ആരെങ്കിലും സഹായിക്കാമോ? അപേക്ഷയാണ്’.