Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവദമ്പതികളുടെ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യംചെയ്യുന്നു

wayanad-couple-murder1 ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും കൊലപാതകം നടന്ന വീടിനു പുറത്ത് ഡോഗ് സ്ക്വാഡിന്റെ പരിശോധന. ചിത്രം: മനോരമ

കല്‍പറ്റ ∙ മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ നവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്ഐ പി.ജിതേഷ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

wayanad-couple-murder2 കൊലപാതകം നടന്ന വീടിനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ. ചിത്രം: മനോരമ

മക്കിയാട് പന്ത്രണ്ടാംമൈൽ പൂരി‍ഞ്ഞിക്കു സമീപം വാഴയിൽ ഉമ്മർ (28), ഭാര്യ ഫാത്തിമ (20) എന്നിവരെ കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയാണു കിടപ്പറയ്ക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയിലായിരുന്നു. മോഷണമാണോ വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. വീട്ടിനുള്ളിൽ നിന്നോ കൊല നടന്ന മുറിക്കുള്ളിൽനിന്നോ മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഉമ്മര്‍ അംഗമായ തബ്‌ലീഗ് ജമാ അത്തില്‍ ഇതരസംസ്ഥാനക്കാരും സജീവമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു ഇരുവരുടെയും വിവാഹം. തൊട്ടടുത്തുതന്നെയുള്ള ഉമ്മറിന്റെ സഹോദരൻ മുനീറിന്റെ വീട്ടിൽ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാൻ പോയ മാതാവ് ആയിഷ രാവിലെ തിരികെയെത്തിയപ്പോഴാണു കൊലപാതകവിവരം പുറത്തറിയുന്നത്. ആയിഷയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിക്കൂടി. അടുക്കളവാതിൽ പുറത്തുനിന്നു തള്ളിത്തുറന്ന നിലയിലായിരുന്നു. വാതിലിനു സമീപവും കിടപ്പറയ്ക്കുള്ളിലും മുളകുപൊടി വിതറിയതായി പൊലീസ് കണ്ടെത്തി. ഫാത്തിമ അണിഞ്ഞിരുന്ന കമ്മലും മോതിരവും ഉമ്മർ ധരിച്ചിരുന്ന ജൂബയിലെ പഴ്സിലുണ്ടായിരുന്ന 4000 രൂപയും കളവുപോയിട്ടില്ല.

wayanad-couple-murder ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാർ. ചിത്രം: മനോരമ

ഫാത്തിമയുടെ മാലയും വളകളും കണ്ടെത്താനാകാത്തതാണു മോഷണമാണോ കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിനിടയാക്കിയത്. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ മോഷണത്തിനു വേണ്ടി ഇത്രയും ദാരുണമായ കൊല നടത്തുമോയെന്നതും പൊലീസ് പരിശോധിക്കുന്നു. പാട്ടത്തിനു വാഴക്കൃഷി നടത്തിയും അടയ്ക്ക വിറ്റുമാണ് ഉമ്മർ കുടുംബം പുലർത്തിയിരുന്നത്. സഹോദരൻ മുനീറിന്റെ ഗൃഹപ്രവേശവും ഉമ്മറിന്റെ വിവാഹവും ഒരേദിവസമായിരുന്നു. ഇതിനുശേഷം മുനീർ വിദേശത്തേക്കു പോയതിനാൽ ആയിഷ പലപ്പോഴും മുനീറിന്റെ വീട്ടിലാണു കിടക്കാറ്. ഉമ്മറിന്റെ ജ്യേഷ്ഠൻ അബ്ദുല്ലയും തറവാട് വീടിനോടടുത്താണ് താമസം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. 

wayanad-couple-murder3 കൊലപാതകം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന പൊലീസ്. ചിത്രം: മനോരമ
related stories