Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തർക്കം തുടരുന്നു; വിധി നടപ്പാക്കുന്നതിൽ വേർതിരിവു പാടില്ലെന്നു കേജ്‌രിവാൾ

Arvind Kejriwal

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വേർതിരിവു പാടില്ലെന്നു ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജലിനോടു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിങ്കളാഴ്ച കേജ്‌രിവാൾ അനിൽ ബൈജലിന് അയച്ച കത്തിലാണ് ഇത് സൂചിപ്പിച്ചത്. ലഫ്. ഗവർണർക്കു സ്വതന്ത്രാധികാരമില്ലെന്നുള്ള സുപ്രീം കോടതി വിധിക്കു ശേഷവും അതു സംബന്ധിച്ച തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രി ലഫ്. ഗവർണർക്കു കത്ത് അയച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈകടത്താൻ സാധിക്കില്ലെന്നു കേജ്‌രിവാൾ കത്തിൽ പറഞ്ഞു. വിധിയിൽ സംശയമുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും മറിച്ച് പരമോന്നത നീതിപീഠത്തിന്റെ വിധി ലംഘിക്കുകയല്ല വേണ്ടത്. വിധിയുടെ ഒരു ഭാഗം മാത്രം അംഗീകരിക്കുകയും ബാക്കി നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ല.

ഒാരോ മണ്ഡലത്തിൽ നിന്നുമുള്ള 1,100 പേർക്ക് സൗജന്യ തീർഥാടനത്തിന് അവസരമൊരുക്കുന്ന ‘മുഖ്യമന്ത്രി തീർഥയാത്ര യോജന’പദ്ധതിക്ക് അരവിന്ദ് കേജ്‌രിവാൾ ഇന്ന് അംഗീകാരം നൽകിയിരുന്നു. പദ്ധതിക്കെതിരെ ലഫ്. ഗവർണർ സ്വീകരിച്ച നിലപാടു മറികടന്നാണ് ഇത്. സുപ്രീം കോടതിയുടെ വിധിക്കു മേൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടുന്ന ലഫ്, ഗവർണറുടെ നടപടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിനു കാരണമാകുമെന്നു കേജ്‌രിവാൾ പറഞ്ഞു.

നേരത്തേ, സുപ്രീം കോടതി വിധിയെ തുടർന്ന്, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു സേവന വകുപ്പ് സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്.ഗവർണർക്കായിരിക്കും എന്ന 2016–ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം നിലനിൽക്കുന്നതിനാലാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണു ഉത്തരവു മടക്കിയത്.