Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: ട്വന്റി20 വനിതാ ക്യാപ്റ്റനെ ഡിഎസ്പി പദവിയിൽനിന്ന് തരംതാഴ്ത്തും

Harmanpreet Kaur ഹർമൻപ്രീത് കൗർ

ചണ്ഡിഗഡ്∙ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ നടപടിക്ക് ഒരുങ്ങി പഞ്ചാബ് സർക്കാർ. ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) സ്ഥാനത്തു നിന്നു ഹർമൻപ്രീതിനെ കോൺസ്റ്റബിളായി തരംതാഴ്ത്തുമെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നുള്ള കാര്യത്തിൽ വ്യക്തമായ ബോധ്യമില്ലെന്നു താരം തന്നെ സർക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. കോച്ച് പറഞ്ഞതനുസരിച്ചാണ് മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയതെന്നും ഇതു വ്യാജ സർട്ടിഫിക്കറ്റാണോയെന്നു അറിയില്ലെന്നുമാണ് ഹർമൻപ്രീത് കൗർ സർക്കാരിനെ അറിയിച്ചത്.

ഒരാൾക്കു മാത്രമായി നിയമത്തിൽ അയവു വരുത്താൻ സാധ്യമല്ലെന്നും യോഗ്യത തെളിയിച്ചതിനു ശേഷം മാത്രമെ ഇനി താരത്തിനു തൽസ്ഥാനത്തു തുടരാൻ സാധിക്കുകയുള്ളുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഡിഎസ്പി സ്ഥാനത്തു തുടരാൻ ബിരുദം ആവശ്യമാണെന്നും അവർ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന ഹർമൻപ്രീത് കൗർ കഴിഞ്ഞ മാർച്ചിലാണു ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചത്. വനിത ക്രിക്കറ്റ് ലോകക്കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ‌ഹർമൻപ്രീതിനു ജോലി നൽകിയത്.

അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ താരത്തിനെതിരെ കേസെടുക്കണെമെന്നു ചിലർ ആവശ്യപ്പെട്ടിരുന്നതായാണു സൂചന. എന്നാൽ, താരം മനപ്പൂർവ്വം സർക്കാരിനെ കബിളിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നു വ്യക്തമായതിനെ തുടർന്നു മറ്റു നടപടികൾ എടുക്കേണ്ടെന്നു മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തീരുമാനിക്കുകയായിരുന്നു.