Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയില്‍ മുങ്ങി മുംബൈ നഗരം; ഡബ്ബാവാലകൾ സര്‍വീസ് നിര്‍ത്തി

mumbai-rain കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

മുംബൈ ∙ ദുരിതം വിതച്ചു തുടർച്ചയായ നാലാം ദിവസവും തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. ഏതു പ്രതിസന്ധിയിലും ഭക്ഷണം വീടുകളിലും ഓഫിസുകളിലും എത്തിക്കുന്ന 'ഡബ്ബാവാല'കള്‍ കനത്ത മഴയെ തുടര്‍ന്നു സര്‍വീസ് നിര്‍ത്തി. ഈ സീസണില്‍ ഇതുവരെ കിട്ടിയ ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടി അധികമാണ് തിങ്കളാഴ്ച ഒറ്റദിവസം പെയ്തത്.

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതു ലോക്കല്‍ ട്രെയിന്‍ ഗതാഗതം മന്ദഗതിയിലാക്കി. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും സര്‍വീസ് നടത്തിയവ വൈകുകയും ചെയ്തതോടെ ജനം വലഞ്ഞു. റോഡുകളില്‍ വെള്ളക്കെട്ടിനെത്തുടര്‍ന്നു കടുത്ത ഗതാഗതക്കുരുക്കുണ്ടായി. മഴ വിമാന സര്‍വീസിനെയും ചെറിയതോതില്‍ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും മുട്ടറ്റം വെള്ളം പൊങ്ങി. സയണ്‍, കുര്‍ള, ദാദര്‍, മീരാറോഡ്, വസായ്, നാലസൊപാര മേഖലകളില്‍ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി.

mumbai-rain-1 കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

നഗരത്തിലും സമീപജില്ലകളായ താനെ, പാൽഘർ എന്നിവിടങ്ങളിലും കൊങ്കൺ മേഖലയുടെ വിവിധ മേഖലകളിലും മഴ ജനജീവിതത്തെ ബാധിച്ചു. ഇടയ്ക്കു ശക്തി കുറയുന്നതും വലിയ വേലിയേറ്റമില്ലാത്തതുമാണു കടുത്ത ദുരിതങ്ങളിൽനിന്നു രക്ഷിച്ചത്. മഴയെത്തുടർന്ന് മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

താനെ ജില്ലയിൽ പല മേഖലകളിലും കനത്ത മഴയും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലാഡിൽ റോഡിൽനിന്നു സബ് വേയിലേക്കു വെള്ളം ഒഴുകിയിറങ്ങി. കഴിഞ്ഞയാഴ്ച അന്ധേരിയിൽ നടപ്പാത തകർന്നു റെയിൽവേ ട്രാക്കിൽ വീണുണ്ടായ അപകടത്തിനു പിന്നാലെ വിള്ളൽ കണ്ടെത്തിയ ഘാട്കോപ്പർ, വസായ് മേൽപാലങ്ങളിൽ ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണി നടത്തി. മുംബൈ നഗരത്തിൽ കാലപ്പഴക്കം ചെന്ന വിവിധ മേൽപാലങ്ങളിൽ റെയിൽവേയും ബിഎംസിയും പരിശോധന നടത്തിവരികയാണ്.

വെള്ളക്കെട്ടിനു കാരണം മെട്രോ നിർമാണം: ബിഎംസി

നഗരത്തിൽ വെള്ളക്കെട്ടിനു പ്രധാന കാരണം മെട്രോ റെയിൽപാത നിർമാണമെന്നു ബിഎംസി. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി വിവിധ മേഖലകളിലേക്കുള്ള മെട്രോ പാത നിർമാണമാണു പുരോഗമിക്കുന്നത്. ഭൂഗർഭപാതയും മേൽപാലത്തിലൂടെയുള്ള പാതയും ഇതിലുൾപ്പെടും. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ 45 ഇടങ്ങളിൽ ജലമൊഴുക്കു തടസ്സപ്പെടുത്തിയതായി ബിഎംസി കണ്ടെത്തി.

ഇത്തവണ വെള്ളപ്പൊക്കമുണ്ടായാൽ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങൾ വലിയ വെള്ളപ്പൊക്കത്തിലേക്കു നയിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും മഴക്കാലത്തിനു മുൻപു മുംബൈ മേയർ വ്യക്തമാക്കിയിരുന്നു.

mumbai-rain-2 കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

∙ മുംബൈയിൽ ഇന്നലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി.
∙ സർക്കാർ ഓഫിസുകളിൽ പലതും ഉച്ചതിരിഞ്ഞ് അവധി നൽകി.
∙ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫിസുകളിലും ജീവനക്കാർ കുറഞ്ഞു.
∙ ഓഫിസുകളിൽ എത്തിയവരിൽ പലരെയും നേരത്തെ വീട്ടിലേക്കു മടങ്ങാൻ അനുവദിച്ചു.
∙ നാലസൊപാര റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് പശ്ചിമ റെയിൽവേയിൽ ലോക്കൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.
∙ വെസ്റ്റേൺ എക്സ്പ്രസ് വേ, എസ്‌വി റോഡ്, ലിങ്ക് റോഡ്, ദാദർ, മാട്ടുംഗ, സയൺ, കിങ് സർക്കിൾ എന്നിവിടങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക്.
∙ വിരാർ-ചർച്ച്ഗേറ്റ് പാതയിൽ ഫാസ്റ്റ് ട്രെയിനുകൾ രാവിലെ മുടങ്ങി.
∙ ജുഹു എയ്റോഡ്രോമിൽ വൈകിട്ട് മൂന്നു വരെ പ്രവർത്തനം നിർത്തിവച്ചു.
∙ സാൻഡ്ഹസ്റ്റ് റോഡ് റെയിൽവേ സ്റ്റേഷനു സമീപം മതിൽ ഇടിഞ്ഞ് അപകടം. കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
∙ പശ്ചിമ റെയിൽവേ എസി ട്രെയിൻ പ്രവർത്തനം ഭാഗികമാക്കി.

റോഡുകൾ തോടുകളായി; വീടുകളിലും വെള്ളം

വസായ് മേഖലയിൽ നഗരവീഥികൾ തോടുകളായി. മലയാളികൾ ഏറെയുള്ള സൺസിറ്റി, എവർഷൈൻ സിറ്റി, വസന്ത് നഗരി, ഓംനഗർ മേഖലകളിലെ ഒട്ടുമിക്ക ഹൗസിങ് കോളനികളിലും വെള്ളം കയറി. സമീപപ്രദേശ റോഡുകളിൽ വെള്ളക്കെട്ടിനെത്തുടർന്നു ഗതാഗത സ്തംഭനം ഉണ്ടായി. ബസ്‌ഡിപ്പോകളിൽ വെള്ളം പൊങ്ങിയതിനാൽ ഗ്രാമങ്ങളിലേക്കുള്ള സർവീസ് നിലച്ചു. ഓട്ടോറിക്ഷകൾ ഭാഗികമായി മാത്രം ഓടിയതിനാൽ യാത്രക്കാർ ദുരിതത്തിലായി.

നവ്ഘർ ഈസ്റ്റിൽ ഉപ്പളങ്ങൾക്കരികിലെ വീടുകളിൽ ഒന്നരയടിയോളം വെള്ളം കയറിയതിനെ തുടർന്നു പൊലീസും അഗ്നിശമന വിഭാഗവും എത്തി വീട്ടുകാരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. നാലസൊപാര റെയിൽവേ പാളങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്നു രാവിലെ വിരാർ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടായി. ഒട്ടേറെ കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. മഴ കനത്തതിനെ തുടർന്നു വിദ്യാലയങ്ങൾക്ക് അവധി നൽകി.

mumbai-rain-3 കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

പലയിടങ്ങളിലും വ്യവസായശാലകളും പ്രവർത്തിച്ചില്ല. പാൽഘർ ജില്ലയിലെ വിരാർ, വസായ്, ബോയ്സർ-താരാപുർ, പാൽഘർ, ഡഹാണു, വിക്രംഘട്, ജവാർ, മൊഖാട പ്രദേശങ്ങളിൽ ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ അടിയന്തര ദുരന്തനിവാരണ വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. പെരുമഴയിൽ മലയോരങ്ങളിലെ ഇരുനൂറിൽപരം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും ഗതാഗതം പൂർണമായി നിലച്ചു. മേഖലയിലെ എല്ലാനദികളും കരകവിഞ്ഞ് ഒഴുകുകയാണ്.