Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: യുഎപിഎയ്ക്ക് സിപിഎം വിലക്ക്; പുരോഗതി കണക്കിലെടുക്കാൻ നിർദേശം

Abhimanyu

തിരുവനന്തപുരം∙ എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഭിമന്യുവിനെ വധിച്ച കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം (യുഎപിഎ) തിരക്കിട്ടു ചുമത്തുന്നതിനോടു സിപിഎമ്മിനു വിയോജിപ്പ്. യുഎപിഎയ്ക്കൊരുങ്ങിയ പൊലീസ് പിൻവാങ്ങി നിൽക്കുന്നതു രാഷ്ട്രീയാനുമതി കിട്ടാത്തതിനാലാണ്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുക്കാനിടയുണ്ടെന്നിരിക്കെ, യുഎപിഎ ആ സമയത്തോ അല്ലെങ്കിൽ ദേശീയ ഏജൻസിയുടെ തീരുമാനപ്രകാരമോ മതിയെന്ന അഭിപ്രായത്തിലാണു സിപിഎം. യുഎപിഎ ചുമത്തുമെന്ന സൂചന കഴിഞ്ഞയാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയിരുന്നു.

കൊച്ചിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി സംസാരിക്കുകയും ചെയ്തു. അപ്പോഴാണു പാർട്ടി ഇടപെടലുണ്ടായത്. യുഎപിഎയ്ക്കെതിരെ പൊതു നിലപാടു സ്വീകരിച്ചശേഷം ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ നയം മാറ്റുന്നതിൽ വൈരുധ്യമുണ്ടെന്നാണ് ഉന്നത സിപിഎം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ‘ഭീകരനിയമം’ പെട്ടെന്ന് ഉപയോഗിക്കുന്നതു മതവികാരം ഇളക്കുമോയെന്നു ശങ്കയുണ്ട്. നിലവിലുള്ള മറ്റു വകുപ്പുകൾ വച്ചുതന്നെ പ്രതികൾക്കെതിരെ ശക്തമായ നടപടിക്കു കഴിയുമല്ലോയെന്നും പാർട്ടി ചോദിക്കുന്നു.

ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികൾക്കു സംരക്ഷണം നൽകിയെന്നുള്ള കുറ്റവുമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. ഇരുപതോളം പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിൽ പങ്കാളികളായ ആരും ഇതുവരെ പിടിയിലായിട്ടില്ല. അതുണ്ടായാൽ അവരുടെ പൂർവകാല കേസുകൾകൂടി പരിശോധിച്ചശേഷം യുഎപിഎ ചുമത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നവരുണ്ട്. എൻഐഎയോടു കേസ് ഏറ്റെടുക്കണമെന്നു സർക്കാർ ആവശ്യപ്പെടാൻ സാധ്യതയില്ല. തീവ്രവാദ ശക്തികൾ ഉൾപ്പെട്ട കേസാണെങ്കിൽ എൻഐഎയുടെ അന്വേഷണപരിധിയിൽ സ്വാഭാവികമായും വരുമെന്നാണു നിഗമനം.

യുഎപിഎയ്ക്കെതിരെ നിയമയുദ്ധം ഒരുവശത്ത്

കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പാർട്ടിയും ജയരാജനും നിയമയുദ്ധത്തിലാണ്. ഇതിനെതിരെ സർക്കാർ തന്നെ കോടതിയെ സമീപിച്ചു. പൊതുപ്രവർത്തകരായ കമൽ സി.ചവറ, നദീർ എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ രംഗത്തുവരികയും പൊലീസ് നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുഎപിഎ കേസുകളാകെ പരിശോധിക്കാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 42 എണ്ണം തെറ്റായിപ്പോയെന്നു വിലയിരുത്തി. യുഎപിഎയുടെ പേരിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടില്ലെന്നാണ് 2017 ഏപ്രിലിൽ മുസ്‍ലിം സംഘടനകൾക്കു മുഖ്യമന്ത്രി നൽകിയ ഉറപ്പ്. അഭിമന്യു വധത്തിന്റെ പേരിൽ എസ്ഡിപിഐക്കെതിരെ രാഷ്ട്രീയ പ്രചാരണം നടക്കുമ്പോഴും കേസിൽ യുഎപിഎ വേണോയെന്ന സിപിഎം വീണ്ടുവിചാരം ഇതെല്ലാം കണക്കിലെടുത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.