Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തായിരിക്കും ബിജെപി ‘ഓഫർ’; അമിത് ഷാ–നിതിഷ് നിർണായക ചർച്ച ഇന്ന്

Amit Shah, Nitish Kumar അമിത് ഷാ, നിതീഷ് കുമാർ

പട്ന∙ സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. ബിജെപിയുടെ ‘ഓഫർ’ എന്തായിരിക്കുമെന്നു നോക്കിയതിനു ശേഷം മാത്രം തീരുമാനമെന്നാണ് ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം നിതീഷ് കുമാർ വ്യക്തമാക്കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണു നിലവിലെ പ്രശ്നം. 

ബിജെപിയുമായി കഴിഞ്ഞ വർഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയൂണിനു നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലാണു കൂടിക്കാഴ്ച. സീറ്റുവിഭജനം സംബന്ധിച്ച തീരുമാനമുണ്ടാകില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി സഖ്യത്തിൽ തുടരുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കും വിധമുള്ള ഒരു വിശാല അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണു കരുതുന്നത്. 

ലോക്സഭാ തി‌രഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ സീറ്റുകൾ വേണമെന്നു ജെഡിയു ആവശ്യമുന്നയിച്ചതോടെയാണു ബിഹാറിലെ സഖ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. തുടർന്ന് ഒറ്റയ്ക്കു മത്സരിക്കാൻ തയാറാണെന്നു വരെ നിതീഷ്കുമാർ അഭിപ്രായപ്പെടുകയായിരുന്നു. ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട സഖ്യത്തിലേയ്ക്കു ജെഡിയു മടങ്ങിയേക്കുമെന്ന സംശയവും പ്രബലമാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുപത്തിരണ്ടും ജെഡിയുവിനു രണ്ടും സീറ്റാണു ലഭിച്ചത്. എന്നാൽ, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത തവണ സീറ്റു വീതം വയ്ക്കുന്നതിനോടു ജെഡിയു യോജിക്കുന്നില്ല. 2015 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാവണം ധാരണയെന്നാണ് അവരുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി, കോൺഗ്രസ് എന്നിവരുമായി ‘മഹാസഖ്യ’മുണ്ടാക്കിയാണു ജെഡിയു മത്സരിച്ചത്. കൂടുതൽ സീറ്റുകൾ ലഭിച്ചത് ആർജെഡിക്കാണെങ്കിലും നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്തി. പിന്നീട് ആർജെഡിയുമായി പിണങ്ങിപ്പിരിഞ്ഞ നിതീഷ് ബിജെപിയുമായി ചേർന്നു പുതിയ സർക്കാരുണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ കണക്കിലെടുക്കാതെ സീറ്റു വിഭജനം സാധ്യമല്ലെന്നാണു ജെഡിയു വാദം. സീറ്റു കുറവായിരുന്നെങ്കിലും അന്നു പാർട്ടിക്കു 16% വോട്ടുണ്ടായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റാണ് അവർ നേടിയത്.

എത്ര ലോക്സഭാ സീറ്റുകൾ ആവശ്യപ്പെടുമെന്നു ജെഡിയു വെളിപ്പെടുത്തുന്നില്ല. എങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി 30 സീറ്റുകളിലെങ്കിലും മത്സരിക്കാൻ താൽപ്പര്യപ്പെടും. ബിഹാറിൽ ആകെയുള്ളതു 40 ലോക്സഭാ സീറ്റു‌‌കളാണ്.