Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂ വെയിലിന് പകരക്കാരൻ?; പതിമൂന്നുകാരന്റെ ആത്മഹത്യയ്ക്കു പിന്നിൽ മൊബൈൽ ഗെയിം

blue-whale-game Representational Image

പത്തനംതിട്ട∙ ബ്ലൂവെയിൽ മരണം പോലെ വീണ്ടും സംസ്ഥാനത്ത് വിദ്യാർഥിയുടെ മരണമെന്ന് സൂചന. കല്ലൂപ്പാറയിൽ രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാർഥി മൊബൈൽ ഗെയിമിൽപെട്ട് ആത്മഹത്യചെയ്തെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണമാരംഭിച്ചു. വിദ്യാർഥിയുടെ മുറിയിൽനിന്നു ലഭിച്ച ചില നോട്ട്ബുക്കുകളിൽനിന്നും മൊബൈൽ ഫോണിൽനിന്നും ഇൗ വിവരങ്ങൾ പൊലീസിനു ലഭിച്ചു. കാർ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാർഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുവത്രെ. വീട്ടിലും പരിസരത്തും എല്ലാവരോടും വളരെ അടുപ്പമുള്ള വിദ്യാർഥിയുടെ ആത്മഹത്യ നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.

അതേസമയം, കുട്ടികളെ മരണത്തിലേക്കുവരെ നയിക്കുന്ന മൊബൈൽ ഗെയിമുകൾക്കും ഓൺലൈൻ ഗെയിമുകൾക്കുംം ഡിജിറ്റൽ സൈറ്റുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു.

മുന്തിയ കാറുകളും മറ്റുമടക്കം വമ്പൻ ഓഫറുകൾ നൽകി തങ്ങളുടെ മാസ്മരിക വലയിലേക്കു കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. പിന്നീട് ചതിക്കുഴിയിൽ വീഴിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് കല്ലൂപ്പാറയിൽ 13 വയസുള്ള വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് സൈബർ വിഭാഗത്തെക്കൊണ്ട് ശാസ്ത്രീയമായ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ വിവരസാങ്കേതിക വിദ്യാകളിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെപ്പറ്റി വിദ്യാഭ്യാസവകുപ്പും പൊലീസും വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും വിദ്യാലയങ്ങളിൽ സൈബൽ സെല്ലുകളും കൗൺസലിങ് കേന്ദ്രങ്ങളും തുറന്ന് കുട്ടികളുടെ ഭയാശങ്കകള്‍ പങ്കുവയ്ക്കുന്നതിനു വേദിയൊരുക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.