Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചബഹാറിൽ ഉലയുമോ ഇന്ത്യ – ഇറാൻ ബന്ധം?; നിക്ഷേപം ഉടൻ വേണമെന്ന് ആവശ്യം

President-Ram-Nath-Kovind-Iran-President-Hassan-Rouhani-PM-Narendra-Modi രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഇറാൻ പ്രസിഡന്റ് ഹസൻ‌ റൂഹാനിയെ സ്വീകരിക്കുന്നു. ചിത്രം∙ ട്വിറ്റർ

ന്യൂഡൽഹി∙ നയതന്ത്രബന്ധത്തിനു തിരിച്ചടിയായി ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ചബഹാർ തുറമുഖ വികസനം, എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിൽ ഇറാൻ ഡപ്യൂട്ടി അംബാസിഡർ മസൗദ് റെസ്വാനിയന്‍ രഹാഗി എതിർപ്പു രേഖപ്പെടുത്തി. ചബഹാർ തുറമുഖ വികസനത്തിനുള്ള നിക്ഷേപം അടിയന്തരമായി ഇന്ത്യ നടത്തണമെന്നു ന്യൂഡൽഹിയിൽ നടന്ന സെമിനാറിൽ അദ്ദേഹം പറഞ്ഞു. യുഎസ് ഭീഷണിക്കു വഴങ്ങി സൗദി അറേബ്യ, റഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചാൽ ഇന്ത്യയ്ക്കു നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ പിൻവലിക്കാൻ ഇറാൻ നിർബന്ധിതമാകുമെന്നും രഹാഗി പറഞ്ഞു.

തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ തുറമുഖം ഇന്ത്യയും ഇറാനുമായുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 2016 മേയിൽ ചബഹാർ പ്രധാന കേന്ദ്രമാക്കി മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ സ്വീകരിക്കാൻ ഇന്ത്യ വൈകുന്നതാണ് ഇറാന്റെ പ്രതിഷേധത്തിനു കാരണം.

കഴിഞ്ഞ മേയിൽ ഇറാനുമായുള്ള ആണവകരാറിൽനിന്നു യുഎസ് പിൻമാറിയതിന്റെ ഭാഗമായി എണ്ണ ഇറക്കുമതിയുൾപ്പെടെ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാൻ സഖ്യ രാജ്യങ്ങളോടു യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുദ്ധാനന്തര അഫ്ഗാനുമായുള്ള വ്യാപാര ബന്ധത്തിൽ ചബഹാർ തുറമുഖ വികസനത്തിന്റെ പ്രാധാന്യം, യുഎസിനെ ബോധിപ്പിക്കാൻ ഇന്ത്യയ്ക്കു സാധിക്കണമെന്നു രഹാഗി പറഞ്ഞു. യുഎസിന്റെ ഉപരോധ നയത്തിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എണ്ണ ഇറക്കുമതിയിൽ ഇറാനെ ഒഴിവാക്കാനുള്ള ഇന്ത്യയുടെ നീക്കം കടുത്ത പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നും ഇറാൻ പറഞ്ഞു. ‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ടി പരസ്പരം സ്വീകാര്യമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. സുസ്ഥിരമായ ബന്ധം ഉറപ്പാക്കുന്നതിനു ദൃഡമായ രാഷ്ട്രീയ നിലപാടുകളും വേണം’–രഹാഗി പറഞ്ഞു.