Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി: മുകേഷ് നേരിട്ടിറങ്ങി; സമ്മര്‍ദമില്ലെന്ന് ഗോപാലസ്വാമി

mukesh-ambani മുകേഷ് അംബാനി

ന്യൂഡല്‍ഹി∙ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു പിറവിക്കു മുമ്പേ മോദി സര്‍ക്കാരില്‍നിന്നു ശ്രേഷ്ഠ പദവി നേടിയെടുത്തതു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി നേരിട്ടു രംഗത്തിറങ്ങിയെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ എന്‍ ഗോപാലസ്വാമി അധ്യക്ഷനായ വിദഗ്ധസമിതിക്കു മുമ്പാകെ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കാനെത്തിയ റിലയന്‍സിന്റെ എട്ടംഗ സംഘത്തെ നയിച്ചത് മുകേഷ് അംബാനിയാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തില്‍ ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി വിരമിച്ച വിനയ് ഷീല്‍ ഒബ്‌റോയിയും ഉപദേശകനെന്ന നിലയില്‍ റിലയന്‍സ് സംഘത്തിലുണ്ടായിരുന്നു. വിദഗ്ധസമിതിയുടെ മിക്ക ചോദ്യങ്ങള്‍ക്കും മുകേഷ് അംബാനി തന്നെയാണു മറുപടി നല്‍കിയത്. ഭാര്യ നിതയുടെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, മുകേഷിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്.

മഹാരാഷ്ട്രയിലെ കര്‍ജാതില്‍ 800 ഏക്കറില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തിലാണു ശ്രേഷ്ഠപദവിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഈ വിഭാഗത്തില്‍നിന്ന് ഈ സ്ഥാപനം മാത്രമാണു തിരഞ്ഞെടുക്കപ്പെട്ടത്. വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയവരുടെ അപേക്ഷയും ഈ വിഭാഗത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ക്കുള്ള മുന്‍പരിചയവും മികവും റിലയന്‍സ് സംഘം സര്‍ക്കാര്‍ വിദഗ്ധസമിതിക്കു മുന്നില്‍ നിരത്തി. ധീരുഭായി അംബാനി ഇന്റര്‍നാഷല്‍ സ്‌കൂള്‍, 13 റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കൂളുകള്‍ എന്നിവടങ്ങളിലായി 13,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ധീരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി തുടങ്ങിയവയും റിലയന്‍സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനൊക്കെ പുറമേ ബെംഗളുരു ഐഐഎമ്മില്‍ മുകേഷ് അംബാനി ചെയര്‍മാനായിരുന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ സത്യസന്ധതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയല്ല ജിയോ ഇന്‍സ്‌റിറ്റിയൂട്ടിനു ശ്രേഷ്ഠപദവി ശിപാര്‍ശ ചെയ്തതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ എന്‍. ഗോപാലസ്വാമി പറഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തെ 500 മികച്ച സര്‍വകലാശാലകളുടെ പട്ടികയിലേക്ക് ഉയരാന്‍ കഴിയുമെന്ന് അവരുടെ അവതരണത്തില്‍നിന്നു വ്യക്തമായതുകൊണ്ടാണു ശ്രേഷ്ഠപദവിക്കു ശിപാര്‍ശ നല്‍കിയതെന്നു വിദഗ്ധസമിതി അറിയിച്ചു. നിലവില്‍ ഇതു സംബന്ധിച്ച് അറിയിപ്പു മാത്രമേ സ്ഥാപനത്തിനു ലഭിക്കുകയുള്ളു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് അവര്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിച്ചെങ്കിലേ ധാരണാപത്രം ഒപ്പിടുകയുള്ളുവെന്നും ഗോപാലസ്വാമി അറിയിച്ചു. ഹാർവഡ് സര്‍വകലാശാലയിലെ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തരുണ്‍ ഖന്ന, ഹൂസ്റ്റണ്‍ സര്‍വകലാശാല പ്രസിഡന്റ് രേണു ഖത്തോര്‍, ഐഐഎം ലക്‌നൗ മുന്‍ ഡയറക്ടര്‍ പ്രീതം സിങ് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.

തറക്കല്ലു പോലുമിട്ടിട്ടില്ലാത്ത റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ കേന്ദ്രങ്ങളില്‍നിന്നു രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു), ഡല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണു വിവാദമായത്. മൂന്നു വീതം സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ശ്രേഷ്ഠ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയത്. ബോംബെ, ഡല്‍ഹി ഐഐടികളും ബെംഗളൂരു ഐഐഎസുമാണ് സര്‍ക്കാര്‍ വിഭാഗത്തില്‍. ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണു സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിലുള്ളത്.

പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എങ്ങനെ ശ്രേഷ്ഠ പദവി നേടി എന്നാണു വിദ്യാഭ്യാസ വിദഗ്ധര്‍ ചോദിക്കുന്നത്. മോദി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എന്തിന്റെ അടിസ്ഥാനത്തിലാണു ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെന്‍ഡിങ്ങായിരുന്നു. 'എവിടെയാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നതു പോലെയുള്ള ചോദ്യങ്ങളാണ്, മാനവശേഷി മന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഉയരുന്നത്. 'എന്താണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്? എല്ലാവരും ഇന്നാണ് ഇങ്ങനെയൊരു ശ്രേഷ്ഠ സ്ഥാപനത്തെപ്പറ്റി അറിയുന്നത്'- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. അശോക യൂണിവേഴ്‌സിറ്റി, ഒ.പി.ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്നീ സ്വകാര്യ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ജിയോയ്ക്ക് പദവി നല്‍കിയത്. സര്‍ക്കാരിന്റെ താത്പര്യങ്ങളുടെ വൈരുധ്യമല്ലേ ഇതു കാണിക്കുന്നത്?'- ജെഎന്‍യു പ്രഫസര്‍ അയേഷ ക്വിദ്‌വായ് ചോദിച്ചു.

കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലിട്ടിട്ടില്ല. പക്ഷേ, അത്തരം സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയില്‍ നിന്നു കനപ്പെട്ട വിഹിതം കേന്ദ്രസര്‍ക്കാരില്‍ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അംബാനിയാണ്. അദ്ദേഹം മോഹിച്ചാല്‍ അമ്പിളിയമ്മാവനെ സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കാന്‍ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികള്‍- ഐസക് അഭിപ്രായപ്പെട്ടു.

ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും 1000 കോടി രൂപ വീതം കേന്ദ്ര സഹായം ലഭിക്കും. നേരത്തേ രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോകറാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് പട്ടിക ആറായി ചുരുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.