Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു മുകളിൽ നിന്നു പെയ്തു മഴപ്പാത്തി; കുട മടക്കാതെ ന്യൂനമർദവും

വർഗീസ് സി. തോമസ്
rain-friends ഒരു കുടയും കൂട്ടുകാരും... ബസ് വരുന്നത് കാത്തു നിൽപ്പാണ്, പക്ഷേ മഴക്കു ക്ഷമയില്ലല്ലോ. കൂട്ടുകാർക്കെന്തിനാണ് കൂടുതൽ കുട, ഒരുമയുണ്ടെങ്കിൽ ഒരു കുട അധികം. കോട്ടയം നഗരത്തിലെ കാഴ്ച.

പത്തനംതിട്ട ∙ കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമർദവും രൂപപ്പെടുന്നു. ഈ ആഴ്ച അവസാനം വരെ മഴ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോടു ചേർന്നു വെള്ളിയാഴ്ച വൈകിട്ടോടെ ന്യൂനമർദം ഉടലെടുക്കും. കേരളത്തിലെ മഴയ്ക്കു നേരിട്ടു ബന്ധമില്ലെങ്കിലും ഇതിലേക്ക് ഒഴുകിയെത്തുന്ന മേഘങ്ങൾ കേരളത്തെയും മഴയുടെ കുടക്കീഴിൽ തന്നെ നിർത്തും.

idukki-moolamattom-thodu മഴ കനത്തതോടെ ഇടുക്കി മൂലമറ്റത്തെ കളപ്പുരത്തോട്ടിൽ ഒഴുക്കു ശക്തമായപ്പോൾ. ചിത്രം: മനോരമ

ഗുജറാത്തു മുതൽ കേരള തീരം വരെ മൺസൂ‍ൺ മഴപ്പാത്തി സജീവമായതിനാൽ കാലവർഷത്തിന്റെ സജീവഘട്ടത്തിലൂടെയാണു കേരളം കടന്നുപോകുന്നത്.  തായ്‌വാനിൽ തുടങ്ങി കേരളം ചുറ്റി ഗുജറാത്ത് തീരം വരെയുള്ള വിശാല ഭൂവിഭാഗം ഇപ്പോൾ ഒരേ മഴ പങ്കിടുന്ന അപൂർവ കാലാവസ്ഥാ പ്രദേശമാണ്. തായ്‌വാൻ തീരത്ത് ‘മരിയ’ എന്ന പേരിലുള്ള ചുഴലിക്കാറ്റ് സജീവമാണെങ്കിലും ഇന്ത്യൻ മൺസൂണിന്റെ കരുത്തു ചോർന്നിട്ടില്ലെന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസി വിശദീകരിച്ചു.

kanamala-pampa മഴയെ തുടർന്നു പമ്പാനദിയിലെ കണമല കോസ്‌വേയിൽ മുട്ടി വെള്ളമൊഴുകുന്നു.

15 നു വടക്കൻ കേരളത്തിലെ ചില സ്ഥലങ്ങളിൽ 20 സെന്റീമീറ്റർ വരെ ശക്തിയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വ്യാഴാഴ്ചയും വെളളിയാഴ്ചയും 11 സെമീ വരെ ശക്തമായ മഴ ചില സ്ഥലങ്ങളിൽ ലഭിക്കും.

അറബിക്കടലും ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ദമായി തുടരുന്നതിനാൽ ഇവിടെ നിന്നുള്ള മഴ മേഘങ്ങൾ ഉത്തരേന്ത്യയെയും കനത്ത മഴയുടെ വിരിപ്പിനുള്ളിലാക്കി. 16 നു വീണ്ടും ഒരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യത തള്ളാനാവില്ലെന്നു ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) സൂചിപ്പിച്ചു.

kumali-munnar-road-stone കുമളി- മൂന്നാർ സംസ്ഥാനപാതയിൽ കരടി വളവിൽ കനത്ത മഴയെത്തുടർന്നു റോഡിലേക്ക് പതിച്ച കല്ല്.

സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് അഞ്ചു ശതമാനം മഴ അധികമാണ്. പാലക്കാട്ടാണു ശരാശരി മഴ ഏറ്റവും കൂടുതൽ ലഭിച്ചത് – 32 ശതമാനം. കോട്ടയത്തു 21 ശതമാനം മഴ അധികമാണ്. തൃശൂരിലാണു മഴ ഏറ്റവും കുറവു ലഭിച്ചത്; ദീർഘകാല ശരാശരിയുടെ 20 ശതമാനം.

രണ്ടു ദിവസമായി സംസ്ഥാനത്ത് 17 സെന്റീമീറ്റർ പേമാരി വയനാട്–കോഴിക്കോട് ജില്ലയുടെ അതിർത്തിയിൽ ലഭിച്ചു. വൈത്തിരിയ്ക്കു പുറമെ പിറവത്തേക്കും ബുധനാഴ്ച കനത്ത മഴ ചിറകുനീട്ടി. പീരുമേട്ടിലും മൂന്നാറിലും ഹൈറേഞ്ചിന്റെ പല ഭാഗത്തും പത്തു സെന്റീമീറ്ററിലധികം മഴ ലഭിച്ചു. ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്നു കോട്ടയത്തു രാത്രി താപനില 21 ഡിഗ്രി കുളിരിനു വഴിമാറി. 

car-road-kaduthuruthi കടുത്തുരുത്തി – പിറവം റോഡിൽ കൈലാസപുരം ക്ഷേത്രത്തിനു സമീപം വെള്ളം കയറിയപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.