Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ വിരലുകൾ വല്ലാതെ വിറച്ചു, ചിലർ ഉറങ്ങി: ഗുഹാദൗത്യത്തിൽ സംഭവിച്ചത്!

Thailand-Cave-Rescue താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനം. വൃത്തത്തിനകത്താണു രക്ഷപ്പെടുത്തിയ കുട്ടി (തായ് നേവി സീൽ പുറത്തുവിട്ട ചിത്രം)

ബാങ്കോക്ക്∙ താം ലുവാങ് ഗുഹയിലെ ഇരുട്ടിലൂ‍ടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും ‘ശാന്തരായിരുന്നതായി’ റിപ്പോർട്ട്. ‘രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ അസാധാരണമാംവിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്ര’– രക്ഷാപ്രവർത്തകരിലെ തായ് നേവി സീൽ അംഗം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 

ഞായറാഴ്ച ആരംഭിച്ചു ചൊവ്വാഴ്ച അവസാനിച്ച രക്ഷാദൗത്യത്തിനിടെ സംഭവിച്ച കാര്യങ്ങളെല്ലാം ഇതുവരെ സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 12 കുട്ടികളും കോച്ചുമായി ഡൈവർമാർ വരുമ്പോൾ വഴിനീളെ ഓരോ പോയിന്റിലും ഡോക്ടർമാരെ നിർത്തിയിരുന്നു.

കുട്ടികളുടെ ആരോഗ്യനിലയും നാഡീസ്പന്ദനവും ഉൾപ്പെടെ പരിശോധിച്ച് ഉറപ്പാക്കിയായിരുന്നു മുന്നോട്ടുള്ള യാത്രയെന്നും കമാൻഡർ ചയ്‌യാനന്ദ പീരനറോങ് പറഞ്ഞു. യാത്രയ്ക്കിടെ കുട്ടികളെ ഓരോരുത്തരെയും സ്ട്രെച്ചറിൽ ‘പൊതിഞ്ഞ’ നിലയിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും തായ് നേവി സീൽ പുറത്തുവിട്ടു.

കുട്ടികളെ ചെറിയ തോതിൽ മയക്കുന്നതിനുള്ള മരുന്നു യാത്രയ്ക്കു മുൻപായി നൽകിയിരുന്നു. ദുർഘടപാതകളിൽ സമ്മർദ്ദത്തിന് അടിപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ കുട്ടികളെ ബോധം കെടുത്തിയാണു കൊണ്ടുവന്നതെന്ന ആരോപണം രക്ഷാസംഘം നിഷേധിച്ചു.

11നും 16നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്കും സ്കൂബ ഡൈവിങ് വശമുണ്ടായിരുന്നില്ല. അതിനിടെ ഗുഹയ്ക്കുള്ളിൽ ഒരു മുൻ നേവി സീൽ ഉദ്യോഗസ്ഥന്റെ മരണവും തിരിച്ചടിയായി. ഇതെല്ലാം രക്ഷാപ്രവർത്തനത്തിൽ എത്രത്തോളം അപകടം പതിയിരിപ്പുണ്ടെന്നു വ്യക്തമാക്കാനും സഹായിച്ചു. 

Thailand Cave Rescue താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനത്തിന്റെ കാഴ്ചകൾ. വൃത്തത്തിനകത്താണു രക്ഷപ്പെടുത്തിയ കുട്ടി (തായ് നേവി സീൽ പുറത്തുവിട്ട ചിത്രം)

തുടർന്നാണു ലോകോത്തര നിലവാരമുള്ള 13 ഡൈവർമാരെ എത്തിക്കാൻ തീരുമാനിച്ചത്. അതിലൊരാൾ ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് ഹാരിസ് ആയിരുന്നു. ഇദ്ദേഹം ഡൈവർ എന്നതിനൊപ്പം പ്രഫഷണൽ ‘അനസ്തീറ്റിസ്റ്റ്’ ആണെന്നതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. കുട്ടികളെ രക്ഷപ്പെടുത്തുന്നതിന് ഒരുക്കും മുൻപ് നേർത്ത മയക്കത്തിനുള്ള മരുന്ന് നൽകാൻ തക്ക മറ്റു ഡോക്ടർമാർക്കൊന്നും അകത്തേക്ക് സാധിക്കാനാകുമായിരുന്നില്ല.

എന്നാൽ ഗുഹയുടെ ഇരുണ്ട വഴികളിൽ ഓരോയിടത്തും ഡോക്ടർമാർ ഡൈവർമാരെയും കുട്ടികളെയും കാത്ത് മണിക്കൂറുകളോളം ഇരുന്നു. ജൂൺ 23 നാണ് തായ്‌ലൻഡിലെ ‘വൈൽഡ് ബോർ’ ഫുട്ബോൾ ക്ലബ് അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.