Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം ഇരച്ചുകയറി, മരണവായ് തുറന്ന് തായ് ഗുഹ; രക്ഷാപ്രവർത്തകരെ രക്ഷിച്ചതാര്?– വിഡിയോ

Thai Navy soldiers in the Tham Luang cave

ചിയാങ് റായ്, തായ്‌ലൻഡ്∙ ലോകം മുഴുവൻ ആശ്വാസവും ആഘോഷവും പങ്കിടുന്നതിനിടെ, തായ്‍ലൻഡിൽനിന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവിധ രാജ്യങ്ങൾ ഒരു മനസ്സോടെ കൈകോർത്ത പ്രയത്നത്തിനും പ്രാർഥനയ്ക്കും ഒടുവിലാണ് 12 തായ് കുട്ടികളെയും അവരുടെ ഫുട്ബോൾ കോച്ചിനെയും ദിവസങ്ങൾക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ഗുഹയിലെ കോടിക്കണക്കിനു ലീറ്റർ വെള്ളം നിരന്തരമായി പുറത്തേക്ക് പമ്പ് ചെയ്താണു വഴിയൊരുക്കിയത്. 13 പേരെയും പുറത്തെത്തിച്ചതിനു തൊട്ടുപിന്നാലെ പമ്പുകൾ പണിമുടക്കുകയും ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്നുമാണു ഡൈവർമാരുടെ വെളിപ്പെടുത്തൽ.

thailand-cave

ദിവസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചിരുന്ന പമ്പുകൾ പെട്ടെന്നു നിന്നുപോയതിന്റെ കാരണം വ്യക്തമല്ല. പമ്പുകൾ പണിമുടക്കിയ സമയത്തു ഗുഹയുടെ 1.5 കിലോമീറ്റർ ഉള്ളിലായി ഡൈവർമാരും രക്ഷാപ്രവർത്തകരുമുണ്ടായിരുന്നു. ഗുഹയ്ക്കകത്തുള്ള ‘ചേംബർ 3’ അറയിൽ നിൽക്കെയാണു വെള്ളം ഇരച്ചെത്തുന്നതിന്റെ ശബ്ദം കേട്ടതെന്നു മൂന്ന് ഓസ്ട്രേലിയൻ ഡൈവർമാർ പറഞ്ഞതായി ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. വെള്ളം വറ്റിക്കുന്ന പ്രധാന പമ്പുകൾ നിശ്ചലമായതാണു കാരണം.

കുട്ടികൾ അകത്തുണ്ടായിരുന്നപ്പോഴാണു പമ്പുകൾ പണിമുടക്കിയിരുന്നതെങ്കിൽ രക്ഷാപ്രവർത്തനം ശുഭകരമായി അവസാനിക്കില്ലായിരുന്നു. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ച ശേഷവും നൂറോളം രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിൽ കർമനിരതരായിരുന്നു. അപ്രതീക്ഷിതമായി പെട്ടെന്നു വെള്ളം ഉയരുന്നതറിഞ്ഞ് ജീവൻ കയ്യിൽപിടിച്ച് എല്ലാവരും ഗുഹാകവാടത്തിലേക്ക് പായുകയായിരുന്നു. അവസാന കുട്ടിയും പുറത്തെത്തി ഒരു മണിക്കൂറിനുള്ളിലാണ് ഇങ്ങനെ സംഭവിച്ചത്.

Thailand-Cave-Rescue-1

വിവിധ മേഖലകളിലെ വിദഗ്ധരായ ആയിരത്തിഅഞ്ഞൂറോളം രക്ഷാപ്രവർത്തകരുടെ ശ്രമഫലമായാണ് 17–ാം ദിവസം കുട്ടികളെയെല്ലാം ഗുഹയിൽനിന്നു പുറത്തെത്തിച്ചത്. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു കണ്ണീരോർമയായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്.

Thailand Cave Search

ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി ഗുഹാകവാടം ചെളിമൂടി. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തി കുട്ടികൾ. ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്.

റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണു രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളും സഹായിച്ചു.