Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോയിലേത് ജെസ്ന തന്നെ; തിരച്ചിൽ ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

jesna-1 വിഡിയോ ദൃശ്യത്തിൽനിന്നുള്ള ദൃശ്യം. ജീൻസും ടോപ്പും ധരിച്ച ഈ പെൺകുട്ടി ജെസ്നയാണെന്നാണ് പൊലീസ് സ്ഥിരീകരണം

കോട്ടയം∙ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്നു പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ആറുമിനിറ്റിനു ശേഷം ആണ്‍ സുഹ‍ൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കഴി‍ഞ്ഞദിവസം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലും ദൃശ്യങ്ങളിലുള്ളതു ജസ്നയാണെന്നാണു വിലയിരുത്തല്‍.